ഇന്ത്യക്കാര്‍ വംശീയവാദികളെങ്കില്‍ ഞങ്ങളെങ്ങനെ സൗത്ത് ഇന്ത്യക്കാരോടൊപ്പം ജീവിക്കും? മുന്‍ ബിജെപി എം പിയുടെ വിവാദ പരാമര്‍ശം അല്‍ ജസീറ ചാനല്‍ ചര്‍ച്ചയില്‍

single-img
7 April 2017

സൗത്ത് ഇന്ത്യാക്കാർക്കെതിരേ വിവാദപരാമർശവുമായി മുൻ ബിജെപി എം പി. ഇന്ത്യയിൽ ആഫ്രിക്കൻ വംശജർക്കെതിരെയുള്ള വംശീയ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അൽ ജസീറ ടെലിവിഷൻ നടത്തിയ ചർച്ചയിലാണു മുൻ ബിജെപി എം പി തരുൺ വിജയ് സൗത്ത് ഇന്ത്യക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.

ഇന്ത്യാക്കാർ വംശീയവാദികളാണെങ്കിൽ ‘തങ്ങൾക്ക്’ എങ്ങനെ സൗത്ത് ഇന്ത്യാക്കാരെ ഇന്ത്യയുടെ ഭാഗമായി നിർത്താൻ കഴിയുമെന്നായിരുന്നു തരുണിന്റെ ചോദ്യം. കറുത്ത ദൈവമായ കൃഷ്ണനെ ആരാധിക്കുന്ന ഇന്ത്യാക്കാർക്കു വംശീയവാദികളാകാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ടായിരുന്നു ഇദ്ദേഹം തുടങ്ങിയത്.

” ഇന്ത്യാക്കാർ വംശീയവാദികളാണെങ്കിൽ സൗത്ത് ഇന്ത്യയെങ്ങനെ ഇന്ത്യയുടെ ഭാഗമാകും? നിങ്ങൾക്കറിയാമല്ലോ തമിഴരും മലയാളികളും കന്നഡക്കാരും അടങ്ങുന്ന സൗത്ത് ഇന്ത്യാക്കാരെ? വംശീയവാദികളാണെങ്കിൽ ഞങ്ങളെങ്ങനെ അവരുടെ കൂടെ ജീവിക്കും? ഞങ്ങളുടെ ചുറ്റിലും കറുത്തവരുണ്ട്. ഞങ്ങളുടെ ചരിത്രവും സംസ്കാരവും ദേശീയതയും എല്ലാം നിഷേധിച്ചുകൊണ്ട് മാത്രമേ ഞങ്ങൾക്ക് വംശീയവാദികളാകാൻ കഴിയൂ,” തരുൺ പറഞ്ഞു.

ഇന്തോ ആഫ്രിക്കാ പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ തലവനും കൂടിയാണു തരുൺ വിജയ്.

തമിഴ്നാട്ടിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകൻ നിത്യാനന്ദ് ജയരാമൻ ഈ പ്രസ്താവനയോട് രൂക്ഷമായാണു പ്രതികരിച്ചത്.
” കറുപ്പ് എന്നത് ആരുടേയും വ്യക്തിത്വഗുണമല്ല. ‘ഞങ്ങൾ’ എന്ന പ്രയോഗം കൊണ്ട് ഇദ്ദേഹം എന്താണു അർത്ഥമാക്കിയത്? തെക്കേ ഇന്ത്യയിൽ നിന്നുള്ള കറുത്തവർ ഈ ഞങ്ങളിൽപ്പെടില്ലേ? നമ്മുടെ രാജ്യം വൈവിദ്ധ്യങ്ങൾ നിറഞ്ഞതണെന്നും വിവിധ തൊലിനിറങ്ങളുള്ളവർ ഉണ്ട് എന്നതും സത്യമാണു. പക്ഷേ ഈ വൈവിധ്യങ്ങളുടെ സാന്നിദ്ധ്യം അവ സ്വീകരിക്കപ്പെടുന്നുണ്ട് എന്നതിനു മതിയായ തെളിവല്ല. ‘ഇന്ത്യൻ ജനസംഖ്യയുടെ അൻപതു ശതമാനം സ്ത്രീകളായതുകൊണ്ട് ഇന്ത്യയിൽ പുരുഷാധിപത്യമില്ല’ എന്നു പറയുന്നതുപോലെ ഒരു‌മണ്ടൻ വാദഗതിയാണിത്.”

അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.