പുലിമുരുകന്‍ ഒരുവരവുകൂടി വരുന്നു; 3ഡി പതിപ്പ് മെയ് ആദ്യവാരം എത്തും: ഒരേസമയം കൂടുതല്‍ പേര്‍ കണ്ട 3ഡി ചിത്രമെന്ന ഗിന്നസ് റിക്കോര്‍ഡും ഒരുകൈ അകലത്തില്‍

single-img
7 April 2017

മലയാളത്തില്‍ പുലിമുരുകന്‍ അലയൊലികള്‍ അവസാനിക്കുന്നില്ല. ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പുലിമുരുകന്‍ അടുത്തമാസം വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഇത്തവണ എത്തുന്നത് പുലിമുരുകന്റെ 3ഡി പതിപ്പാണ്.

മെയ് ആദ്യവാരം 3ഡി പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് മുളകുപാടം ഫിലിംസ് അറിയിച്ചിരിക്കുന്നത്. 3ഡി പതിപ്പ് തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പ്രദര്‍ശനവും അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

3ഡി പതിപ്പ് തിയേറ്ററുകളിലെത്തുന്നതിന് മുന്‍പ് 20,000 കാണികളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കും. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 12-നാണ് ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം നടക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അന്ന് പ്രദര്‍ശനം കാണാനായി എത്തുമെന്നാണ് സൂചന.

പ്രസ്തുത പ്രദര്‍ശനം വിജയകരമായി നടക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ ഒരേ സമയം കണ്ട 3ഡി ചിത്രം എന്ന റെക്കോര്‍ഡ് പുലിമുരുകന് സ്വന്തമാകും. അന്നേ ദിവസം ഗിന്നസ് അധികൃതര്‍ അവിടെ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തും. നിലവില്‍ ഈ റെക്കോര്‍ഡ് ‘മെന്‍ ഇന്‍ ബ്ലാക്ക്’ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിനാണ്. 6,000 പേരാണ് മെന്‍ ഇന്‍ ബ്ലാക്ക് 3ഡിയില്‍ ഒരേ സമയം കണ്ടത്.

3ഡി പതിപ്പ് എത്തുന്ന തിയേറ്ററുകളുടെ പട്ടിക ഉടന്‍ തന്നെ മുളകുപാടം ഫിലിംസ് പുറത്തുവിടും. 50 മുതല്‍ 60 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.