എണ്ണവില ഇനി പൊള്ളിക്കും; പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി മാറ്റാനൊരുങ്ങി എണ്ണ കമ്പനികള്‍

single-img
7 April 2017

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി മാറ്റാനൊരുങ്ങി എണ്ണ കമ്പനികള്‍. ഇതിനുള്ള ആലോചനയിലാണ് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയവ. ആഗോള വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ദിവസവും ദിവസവും പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നതിനുള്ള കാര്യങ്ങള്‍ എണ്ണ കമ്പനികള്‍ പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ വിപണികളെല്ലാം തന്നെ എണ്ണ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ വില പുതുക്കുന്നത്. എണ്ണവില ദിവസവും പരിഷ്‌കരിക്കുന്നത് കറന്‍സി മൂല്യത്തിലും, ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വിലയിലുമുണ്ടാകുന്ന ഏറ്റകുറച്ചിലും മൂലം എണ്ണകമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ എണ്ണ വിപണിയിലെ 90ശതമാനം വിഹിതവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്കാണ്. രാജ്യത്തെ 53,000ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങളുണ്ട്. അതിനാല്‍ ദിനംപ്രതി വില മാറ്റുന്നതിന് തടസ്സമാകില്ലന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍. അതേസമയം എണ്ണവില പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല.