മോഹന്‍ലാലിന്റെ പ്രത്യേക ജൂറി അവാര്‍ഡ്; പുലിമുരുകനും ജനതാഗ്യാരേജും അവസാന ലിസ്റ്റില്‍ കയറിപ്പറ്റിയത് പിന്‍വാതിലിലൂടെ?

single-img
7 April 2017

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിന് ലഭിച്ച പ്രത്യേക ജൂറി അവാര്‍ഡ് വിവാദത്തിലേയ്ക്ക്. റീജിയണല്‍ ജൂറി ശുപാര്‍ശ ചെയ്യാതെ സെന്‍ട്രല്‍ ജൂറിക്കു മുന്നിലെത്തിയ ചിത്രങ്ങള്‍ക്കാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം കിട്ടിയെന്നുള്ളതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്.

സെന്‍ട്രല്‍ ജൂറി കമ്മിറ്റി റീജിയണല്‍ ജൂറികള്‍ക്കു തെരഞ്ഞെടുപ്പിനായി നല്‍കിയത് 344 സിനിമകളാണ്. 89 ചിത്രങ്ങളാണ് അവസാനവട്ടം കേന്ദ്ര ജൂറിക്കു മുന്നിലെത്തിയത്. എന്നാല്‍ പ്രാദേശിക ജൂറികൾ നൽകിയ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും പുലിമുരുകന്‍ ഉള്‍പ്പെട്ടിരുന്നില്ല. തെലുങ്കില്‍ നിന്നും ജനതാഗ്യാരേജും കേന്ദ്രജൂറിക്കു മുന്നിലെത്തിയിരുന്നില്ല. പ്രാദേശിക ജൂറി ഒഴിവാക്കിയ അഞ്ചു ചിത്രങ്ങൾ കേന്ദ്രജൂറി നേരിട്ടിടപെട്ട് വീണ്ടും അവാര്‍ഡ് നിര്‍ണ്ണയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഈ ലിസ്റ്റിലാണ് മലയാളത്തില്‍ നിന്നും പുലിമുരുകനും തെലുങ്കില്‍ നിന്നും ജനതാഗ്യാരേജും എത്തിയത്. ഇവയെ കൂടാതെ ഹിന്ദി ചിത്രമായ ദംഗല്‍, നവല്‍ ദ ജ്യുവല്‍, തമിഴ് ചിത്രമായ ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളും അവാസാന ലിസ്റ്റില്‍ എത്തിയിരുന്നു. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുലിമുരുകനും ജനാതാ ഗ്യാരേജിനും ഉള്‍പ്പെടെയാണ് മോഹന്‍ലാലിന് പ്രത്യേകജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നുവെന്നുള്ളതാണ് വിവാദമായിരിക്കുന്നത്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പ്രാദേശിക ജൂറിയുടെ അംഗീകാരത്തോടെയാണ് അവസാന റൗണ്ടില്‍ എത്തിയതെങ്കിലും ആ ഒരു ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേകജൂറി പരാമര്‍ശം ലഭിക്കാന്‍ സാധ്യത തീരെയില്ലായിരുന്നു. അതു മുന്നില്‍ക്കണ്ടാണ് പുലിമുരുകനും ജനതാ ഗ്യാരേജും അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. റീജിയണല്‍ ജൂറിയുടെ അംഗീകാരമില്ലാതെ ഏതെങ്കിലും ചിത്രം അവാര്‍ഡ് നിര്‍ണ്ണയത്തിന് എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനു അഞ്ചു ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെന്നുള്ള കാര്യം ജൂറി അദ്ധ്യക്ഷനും സംവിധായകനുമായ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

10 മലയാള ചിത്രങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ മുന്നിലെത്തിയിരുന്നും മലയാളചിത്രങ്ങൾക്ക് മൊത്തം ആറ് അവാർഡുകൾ ലഭിച്ചെന്നും പ്രിയദർശൻ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

എന്നാല്‍ സംസ്ഥാന അവാര്‍ഡില്‍ മികച്ച അഭിപ്രായം നേടിയെടുത്ത കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള ചിത്രങ്ങൾ ദേശീയ അവാർഡിൽ തീര്‍ത്തും തഴയപ്പെടുകയായിരുന്നു. വിനായകൻ ഉള്‍പ്പെടെയുള്ള അഭിനേതാക്കളും കേന്ദ്രജൂറിക്കു മുന്നില്‍ തഴയപ്പെട്ടു. മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തഴഞ്ഞ് ജൂറി അദ്ധ്യക്ഷനായ പ്രിയദര്‍ശന്റെ അടുത്ത സഹൃത്തായ അക്ഷയ്കുമാറിന് മികച്ച നടനുള്ള അവാര്‍ഡു ലഭിച്ചതും സോഷ്യൽമീഡിയയിൽ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.