ദംഗല്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും വരുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്നു പാക് സെന്‍സര്‍ ബോര്‍ഡ്; അങ്ങനെയെങ്കില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നു അമീര്‍ഖാന്‍

single-img
7 April 2017

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ലെന്നു നടനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. ചിത്രത്തിലെ പ്രധാന രണ്ടു ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിനിമ റിലീസ് ചെയ്യാനുള്ള നീക്കത്തില്‍നിന്നും പിന്‍മാറുന്നതെന്നും ആമീര്‍ പറഞ്ഞു.

ചിത്രത്തില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും വരുന്ന നിര്‍ണായക ഭാഗങ്ങള്‍ മുറിച്ചുമാറ്റാനാണ് പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. പാക് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുബഷിര്‍ ഹസന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിലെ നിര്‍ണായകമായ രണ്ടു രംഗങ്ങള്‍ മുറിച്ചുമാറ്റി പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നു ആമീര്‍ഖാന്‍ തീരുമാനത്തോടു പ്രതികരിച്ചു.

ഹരിയാനയിലെ ഗുസ്തി പരിശീലകന്‍ മഹാവീര്‍ ഫൊഗാട്ടിന്റെയും പെണ്‍മക്കളുടെയും കഥയാണ് ദംഗല്‍ പറയുന്നത്. ഇന്ത്യയില്‍ മാത്രം 385 കോടിയില്‍ അധികം രൂപയാണ് ദംഗല്‍ നേടിയത്. ജിയോ ഫിലിംസാണ് പാക്കിസ്ഥാനില്‍ ദംഗലിന്റെ വിതരണാവകാശം നേടിയിരുന്നത്.