1971 ബിയോണ്ട് ദ ബോര്‍ഡര്‍ അഥവാ ഒരു കേരള- പാകിസ്ഥാന്‍ യുദ്ധം: പുറമേ പുരട്ടിയ ഇസ്ലാം സ്‌നേഹവും അകത്തു നിറച്ച സ്ത്രീ- ദളിത് വിരുദ്ധതയും

single-img
7 April 2017

പ്രതീക്ഷയുള്ള ചിത്രങ്ങളാണ് സംവിധായകന്‍ മേജര്‍ രവിയുടേത്. പ്രതീക്ഷയെന്നു പറഞ്ഞാല്‍ ഈ ചിത്രം ഇത്തരത്തിലായിരിക്കുമെന്നുള്ള മുന്‍കൂര്‍ ധാരണ. പ്രേക്ഷകന്റെ ആ ധാരണ നിലനിര്‍ത്താന്‍ എന്തുകൊണ്ടോ അദ്ദേഹത്തിനു സാധിച്ചിട്ടുമുണ്ട്. അതില്‍ നിന്നും ഒട്ടും വ്യത്യാസമല്ല മേജറിന്റെ പുതിയ ചിത്രവും. 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ഇരട്ടമവഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നുള്ളതൊഴിച്ചാല്‍ പഴയ കുരുക്ഷേത്രയാണെന്നു തന്നെ പറയേണ്ടിവരുമെന്നുള്ളതാണ് സത്യം.

മലയാളികള്‍ യുദ്ധസിനിമകള്‍ക്ക് അന്യരല്ല. ഹോളിവുഡിലെ സേവിംഗ് പ്രൈവറ്റ് റ്യാനും ദ തിന്‍ റെഡ്ലൈനും, ബ്ലാക്ക് ഹാക്ക് ഡൗണും കണ്ടു വളര്‍ന്നവരാണവര്‍. അത്തരത്തിലുള്ള ചിത്രങ്ങളില്‍ കാണുന്ന പൂര്‍ണ്ണതശയാന്നും പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ക്ക് ആരും പ്രതീക്ഷിക്കാറില്ല. 1997 ലെ ബോളിവുഡ് ചിത്രം ബോര്‍ഡര്‍ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും നമ്മുടെ മനസ്സില്‍ നില്‍പ്പുണ്ട്. ഇന്ത്യന്‍ സിനിമയില്‍ നല്ലൊരു യുദ്ധചിത്രം ആദ്യമായി കണ്ടത് ബോര്‍ഡറായിരുന്നുവെന്നുള്ളതാണ് ആ ചിത്രത്തിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെയാണ് ഇന്നും ആ ചിത്രം സിനിമാ പ്രേമികളുടെ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്നതും. ഇന്ത്യന്‍ യുദ്ധചിത്രങ്ങളുടെ ലിസ്റ്റെടുക്കുമ്പോള്‍ അതില്‍ ആദ്യ സ്ഥാനം ബോര്‍ഡറിനു ലഭിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

വെറും വെടിയും പുകയും ഓട്ടവും മാത്രമായാല്‍ യുദ്ധചിത്രമാകുമെന്ന ധാരണയാണ് ശേഷമിറങ്ങിയ പല ഇന്ത്യന്‍ ചിത്രങ്ങളിലും കാണാന്‍ സാധിച്ചിട്ടുള്ളത്. മേജര്‍ രവിയുടെ ആദ്യ സംരഭമായ കീര്‍ത്തിചക്രയില്‍ പറയുന്നത് യുദ്ധമല്ല. ഒരു മിലിട്ടറി ഓപ്പറേഷനാണ്. പ്രേക്ഷകരെ സംബന്ധിച്ചു അതൊരു പുതിയ അനുഭവമായിരുന്നു. അവര്‍ അതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. മേജര്‍ പൂര്‍ണ്ണമായ യുദ്ധചിത്രം എന്ന നിലയില്‍ പുറത്തിറക്കിയ ആദ്യ ചിത്രം കുരുക്ഷേത്രയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ കഥപറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാത്തതിനു കാരണം മലയാളികള്‍ പ്രതീക്ഷിച്ചത് ഇതല്ല എന്നുള്ളതായിരുന്നു. ആ ഒരു ഗണത്തില്‍ത്തന്നെ പെടുത്താവുന്ന ചിത്രമാണ് 1971 ബിയോണ്ട് ദ ബോര്‍ഡറും.

ഒരു സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ തികഞ്ഞ പരാജയമല്ലെങ്കിലും പാഠം പഠിക്കാത്ത വ്യക്തിയാണെന്നാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. കീര്‍ത്തിചക്രയും മിഷന്‍ 90 ഡേയ്‌സും അതില്‍ നിന്നും മാറ്റിനിര്‍ത്താം. (അതില്‍ മറ്റാരുടേയോ കഴിവ് ഉപയോഗിച്ചിരുന്നുവെന്ന വാദഗതികള്‍ ഇടയ്ക്ക് ഇയര്‍ന്നുവന്നിരുന്നു. സ്ഥിരീകരണം ഇല്ലാത്തതിനാല്‍ അതു കാര്യമായി എടുക്കേണ്ട) ബാക്കിയുള്ള ചിത്രങ്ങള്‍ ഏതുനോക്കിയാലും അദ്ദേഹത്തിന്റെ ഗ്രാഫ് താഴ്ന്നുതന്നെയാണ് വരുന്നത്. ആ ഒരു രീതി ഈ ചിത്രത്തിലും തുടര്‍ന്നിട്ടുണ്ടെന്നുതന്നെ പറയേണ്ടിവരും. പട്ടാളക്കാരുടെ കുടുംബവും ജീവിതവും പ്രശ്‌നങ്ങളും തുടര്‍ച്ചയായി കാട്ടി ചിത്രങ്ങള്‍ വിജയിപ്പിക്കാമെന്നുള്ള അബദ്ധധരണകള്‍ േേജര്‍ ഇപ്പോഴും വച്ചുപുലര്‍ത്തുന്നുണ്ടെന്നുള്ളതാണ് അത്ഭുതം.

യുഎന്‍ സമാധാന സേനയിലെ അംഗമായ മേജര്‍ മഹാദേവന്‍ ജോര്‍ജിയയില്‍ വച്ച് ഒരു പാക് സൈനിക വിഭാഗത്തിന് രക്ഷകനാകുന്നു. തുടര്‍ന്ന് അവരെ ശാസിക്കുന്ന (മലയാളത്തിലും കൂടി) മഹാദേവന്‍, പാക് സൈനിക കമാണ്ടര്‍ തന്റെ പിതാവുമായി ബന്ധമുള്ള വ്യക്തിയുടെ മകനാണെന്നു മനസ്സിലാക്കുന്നു. തുടര്‍ന്ന് മഹാദേവന്റെ പിതാവ് മേജര്‍ സഹദേവന്റെ ഓര്‍മ്മകളാണ്. പണ്ട് യുദ്ധത്തില്‍ മരണപ്പെട്ട ഇന്ത്യന്‍പട്ടാളക്കാര്‍ക്കൊപ്പം ഒരു പാക് സൈനികന്റെ ചിത്രം കൂടി വച്ച് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുന്നത് എന്തിനാണെന്ന കൊച്ചുമക്കളുടെ ചോദ്യത്തിനു സഹദേവന്‍ പയുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യുദ്ധസമയത്തുള്ള ശത്രുത അപ്പോള്‍ തീര്‍ക്കണമെന്നും അതു കഴിഞ്ഞു സൈനികര്‍ വെറും മനുഷ്യരാണെന്നും ചിത്രം പറയുന്നുണ്ട്. പക്ഷേ അതെങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിനുത്തരമൊന്നും മഹാദേവനും സഹദേവനുമൊന്നും തരുന്നില്ല. സമൂഹത്തില്‍ സംഭവിക്കുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന സംവിധാകന്‍, അതേ പാതപിന്‍തുടരുന്ന നായകനെക്കൊണ്ട് ‘വലിയ വെടി, ചെറിയ വെടി’ തുടങ്ങിയ കടുത്ത പദപ്രയോഗങ്ങളും നടത്തിക്കുന്നുണ്ട്. വാക്കുകളില്‍ സ്ത്രീപക്ഷം പറയുകയും എന്നാല്‍ സ്ത്രീവിരുദ്ധമായ തമാശ ഇല്ലെങ്കില്‍ ചിത്രം ഓടില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്ന സംവിധായകനാണോ മുമ്പ് ജിഷ കൊല്ലപ്പെട്ടപ്പോള്‍ പ്രസ്താവന നടത്തിയതെന്ന് അത്ഭുതപ്പെട്ടുപോകും പ്രേക്ഷകര്‍.

കടുത്ത സ്ത്രീവിരുദ്ധതയ്‌ക്കൊപ്പം ദളിത് വിരുദ്ധതയും ചിത്രം ഉയര്‍ത്തുന്നുണ്ടെന്നു പറയാതെവയ്യ. മുസ്ലീം സ്‌നേഹം ആവോളം വാരിക്കോരി കുത്തിനിറച്ചിരിക്കുമ്പോള്‍ ദളിതനെ പിന്നാമ്പുറത്തു നിര്‍ത്തുന്ന ഡയലോഗുകളും ചിത്രത്തില്‍ മേജര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇസ്ലാം മതവിശ്വാസിയെ ക്ഷേത്രത്തില്‍ കയറുന്നതില്‍ നിന്നും തടയുന്ന കഥാപാത്രത്തിനോട് താന്‍ എന്നുമുതലാണാണ് ഇവിടെ കയറിത്തുടങ്ങിയതെന്നു നായകനെക്കൊണ്ടു ചോദിപ്പിക്കുകയാണ് സംവിധായകന്‍. നിഷ്‌കളങ്കമായ പരാമര്‍ശമാണെന്നു വരുത്തിതീര്‍ത്തു കളയാന്‍, പക്ഷേ ആ ഡയലോഗിനാകുന്നില്ല എന്നു തിയേറ്ററിനുള്ളില്‍ നിന്നുതന്നെ മനസ്സിലാകും.

പറയുന്നത് ഇന്ത്യ- പാക് യുദ്ധമാണെങ്കിലും ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത് കേരള- പാക് യുദ്ധമാണ്. 1971 ലെ കിഴക്കന്‍ പാകിസ്ഥാന്‍ എന്ന ബംഗ്ലാദേശിലെ ആഭ്യന്തരപ്രശ്‌നത്തോടെ രൂക്ഷമായ യുദ്ധത്തില്‍ കരസേനയുടെ മദ്രാസ് റജിമെന്റ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. എന്നാല്‍ ട്രൂപ്പിന്റെ പേര് മദ്രാസ് റജിമെന്റ് എന്നാണെങ്കിലും അതില്‍ മദ്രാസികള്‍ മാത്രമല്ല പങ്കെടുത്തതെന്നു ചരിത്രം പറയുന്നു. പക്ഷേ ഒന്നോ രണ്ടോ തമിഴരും ബാക്കി മലയാളികളുമുള്‍പ്പെടുന്ന ഒരു സംഘമാണ് മേജര്‍ സഹദേവന്റെ കീഴില്‍ യുദ്ധം നടത്തുന്നത്. മലയാള ചിത്രമല്ലേ, ഇത്രയൊക്കെ മതി എന്നു സംവിധായകന്‍ തീരുമാനിച്ചതാകാനാണ് സാധ്യത.

ചിത്രത്തിന്റെ ട്രയിലര്‍ ഇറങ്ങിയപ്പോള്‍ത്തന്നെ പാക് സൈനികരോട് മലയാളത്തില്‍ സംസാരിക്കുന്ന നായകന്റെ രീതി വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ചിത്രം ഇറങ്ങിയപ്പോഴൂം അതുതന്നെയാണ് സ്ഥിതി. ആവശ്യത്തിനും അതിലധികവും മുസ്ലീം സ്‌നേഹം ചിത്രത്തില്‍ കോരിയൊഴിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്കുവരെ മലയാളത്തില്‍ ദേശസ്‌നേഹം പഠിപ്പിച്ചുകൊടുക്കാനും മേജര്‍ സഹദേവന്‍ കമയം കണ്ടെത്തുന്നുണ്ടെന്നുള്ളതും ശ്രദ്ധിക്കണം. അവസാന അരമണിക്കൂര്‍ യുദ്ധ, ഇരുട്ടായതിനാല്‍ ആര് ആരെ ആക്രമിക്കുന്നു എന്നുള്ളത് പ്രേക്ഷകന് ഊഹിക്കേണ്ട അവസ്ഥ കൂടിയാണുള്ളത്.

മേജര്‍ രവി കഥയെഴുതുകയും മോഹന്‍ലാല്‍ അഭിനയിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും മഹാദേവന്‍ നാലാമതും എത്തുമെന്നുള്ള കാര്യം ഉറപ്പാണ്. ഇന്ത്യാ ചരിത്രത്തില്‍ അറിഞ്ഞതും അറിയാത്തതുമായ യുദ്ധങ്ങള്‍ ഒത്തിരിയുണ്ടല്ലോ. അതുകൊണ്ട് കഥയ്ക്കു ഒരു ബുദ്ധിമുട്ടും മേജര്‍രവിയ്ക്കുണ്ടാകില്ല. പക്ഷേ മോഹന്‍ലാല്‍ എന്ന മഹാനടന് മലയാള സിനിമയോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച സേവനം എന്തണെന്നാല്‍, ഇനി മഹാദേവനെയോ സഹദേവനേയോ ഒരിക്കല്‍ക്കൂടി ആവാഹിക്കാന്‍ ശ്രമിക്കാതിരിക്കുക എന്നുള്ളതാണെന്നുകൂടി ഈ അവസരത്തില്‍ സൂചിപ്പിക്കുകയാണ്.