പത്തു പൈസപോലും ചെലവാക്കാതെ വീട് എയര്‍കണ്ടീഷന്‍ ചെയ്യുക; അസാദ്ധ്യമെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ: മണ്ണാര്‍ക്കാട് സ്വദേശി കുഞ്ഞുമോന്‍ അതു മുമ്പേ തെളിയിച്ചതാണ്

single-img
6 April 2017

ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്ന പ്രധാന വിഷയം ചൂടാണ്. ചൂട് കാരണം വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയുന്നില്ല, ഉറങ്ങാന്‍ കഴിയുന്നില്ല എന്നൊക്കെയാണ് ഉയരുന്ന പരാതികള്‍. പക്ഷേ എല്ലാവര്‍ക്കും എസി വാങ്ങാന്‍ കഴിയുമോ? വീട്ടില്‍ എസിയുള്ളവര്‍ക്കാണെങ്കിലോ കറണ്ട് ബില്ലിന്റെ കാര്യം ഓര്‍ത്തുള്ള ടെന്‍ഷനും. സാധാരണക്കാര്‍ക്കു അതൊക്കെ സപ്‌നം കാണാന്‍ മാത്രമേ കഴിയൂ എന്നുള്ളതാണല്ലോ നാട്ടുനടപ്പും.

എന്നാല്‍ സ്വന്തം വീട് എസിയാക്കുന്നതിനെപ്പറ്റി നമുക്ക് ഒന്നു ചിന്തിച്ചാലോ. അതും പണച്ചിലവൊന്നുമില്ലാതെ. അത്ഭുതപ്പെടേണ്ട. മണ്ണാര്‍ക്കാട് സ്വദേശി കുഞ്ഞുമോന്‍ അതു തെളിയിച്ചതാണ്. ഒരു പൈസപോലും ചെലവാക്കാതെയാണ് കഴിഞ്ഞവര്‍ഷം കുഞ്ഞുമോന്‍ തന്റെ വീട് എസിയാക്കി മാറ്റിയത്. കൊടും വേനല്‍ പകലിനെയും രാത്രിയേയും ചൂടില്‍ കുളിപ്പിച്ചപ്പോള്‍ കുഞ്ഞുമോനും കുടുംബവും വീടിനുള്ളില്‍ സുഖമായി ഉറങ്ങു
കയായിരുന്നു.

പറമ്പില്‍ സുലഭമായി കാണുന്ന പോതപ്പുല്ലും വാഴക്കച്ചിയുമാണ് കുഞ്ഞുമോന്‍ എയര്‍കണ്ടിഷന്‍ ചെയ്യാന്‍ ഉപയോഗിച്ചത്. അത്ഭുതം തോന്നാമെങ്കിലും സത്യമതാണ്. ടെറസില്‍ വാഴക്കച്ചിയും പോതപുല്ലും നിറച്ച് വെള്ളം തളിച്ചു നിര്‍ത്തിയപ്പോള്‍ വീടിനുള്ളിലെ ചൂടു തീര്‍ത്തും കുറഞ്ഞതിന് സാക്ഷികളായി നാട്ടുകാരുമുണ്ട്. തീര്‍ത്തും പരമ്പരാഗത രീതിയില്‍ ചൂടിനെ പ്രതിരോധിച്ച മണര്‍കാട് നിരമറ്റം മട്ടാഞ്ചേരി സ്വദേശി കുഞ്ഞുമോന് നാട്ടുകാര്‍ മുഴുവന്‍ മാര്‍ക്കും നല്‍കിക്കഴിഞ്ഞു.

ടെറസില്‍ വാഴക്കച്ചിയും പോതപപ്പുല്ലും നിരത്തിയ നിലയില്‍ കുഞ്ഞുമോന്റെ വീട് (2016 ലെ ചിത്രം)

കുഞ്ഞുമോന്റെ വീടിന്റെ തണുപ്പു തേടിയെത്തുന്ന സന്ദര്‍ശകര്‍ക്ക് അറിയേണ്ടത് എസി റൂമുകളിലേതു പോലുള്ള ഈ തണുപ്പിന്റെ ഉറവിടമാണ്. പ്രകൃതി വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള എയര്‍കണ്ടീഷന്‍ ആണിതെന്നു അറിയുമ്പോള്‍ അവര്‍ക്ക് അത്ഭുതം ഇരട്ടിക്കുക സ്വാഭാവികം. വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും വെട്ടിയ വാഴക്കച്ചിയും വീടിന്റെ പരിസരങ്ങളില്‍ നിന്നും ശേഖരിച്ച പോതപ്പുല്ലും പിന്നെ ലക്ഷ്യം നേടിയെടുക്കാനുള്ള മനസ്സുമായിരുന്നു കുഞ്ഞുമോന്റെ മൂലധനം.

വാഴക്കച്ചി ആദ്യം ടെറസില്‍ നല്ല കനത്തിന് നിരത്തി. അതിനു മുകളില്‍ കനത്തില്‍ തന്നെ പോതപ്പുല്ലും നിരത്തി. അതിനുശേഷം ചെറിയ നനവിനായി വെള്ളം തളിച്ചു കൊടുത്തു. ചുട്ടു പഴുത്ത് കിടക്കുന്ന ടെറസ് ശാന്തമാകുന്നതോടെ വീട് മെല്ലെ തണുത്ത് തുടങ്ങും. എത്രത്തോളം തണല്‍ കൂടുന്നോ അത്രത്തോളം ചൂടു കുറയുമെന്ന് കുഞ്ഞുമോന്‍ അവകാശപ്പെടുന്നു. തന്നെ അനുകരിച്ച് വീട് എയര്‍ കണ്ടീഷന്‍ ചെയ്യാനിറങ്ങിയ അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ കുഞ്ഞുമോന്‍ സാന്നദ്ധനുമായിരുന്നു.

കുഞ്ഞുമോന്‍

തന്റെ പ്രായമായ അമ്മയെ ചൂടില്‍ നിന്നും എങ്ങനെ രക്ഷിക്കാം എന്ന ചിന്തയില്‍ നിന്നാണ് കുഞ്ഞുമോന് പഴയ ഓല വീടിനെ ഓര്‍മ്മപ്പെടുത്തുന്ന പുതിയ ആശയം ഉരുത്തിരിഞ്ഞത്. യഥാര്‍ത്ഥത്തില്‍ വാഴപ്പോളയാണ് ഈ സംരഭത്തിന്റെ കാതല്‍. ടെറസില്‍ ചൂടേല്‍ക്കാതെ തടയുന്നതും വാഴപ്പോളയാണ്. വെയിലിന്റെ കാഠിന്യം കൂടുംതോറും രണ്ടു ദിവസം കൊണ്ടുതന്നെ വാഴപ്പോള ഉണങ്ങിപ്പോകുമെന്നതിനാലാണ് അതിനു മുകളില്‍ പുല്ലിടാന്‍ കാരണം. മാത്രമല്ല എന്നും കാലത്ത് പുല്ലില്‍ വെള്ളം നനച്ചു കൊടുക്കുന്നതുവഴി പുല്ലും സംരക്ഷിക്കപ്പെടുന്നതായി കുഞ്ഞുമോന്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇപ്രാവശ്യം കുഞ്ഞുമോന്‍ തന്റെ വീട് എസിയാക്കയിട്ടില്ല. രണ്ടുമാസം മുമ്പ് കുഞ്ഞുമോന്റെ അമ്മ മരണപ്പെട്ടതിനെ തുടര്‍ന്നു ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

”അമ്മയ്ക്കു വേണ്ടിയായിരുന്നു ഞാന്‍ കഴിഞ്ഞ വര്‍ഷം അത് ചെയ്തത്. അത് അവര്‍ക്ക് ഒത്തിരി ആശ്വാസം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തവണ അമ്മയില്ല. അതുകൊണ്ടുതന്നെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ഇപ്പോഴത്തെ കനത്ത വേനല്‍ അതു വേണമെന്നുള്ള ചിന്ത തിരികെക്കൊണ്ടുവരുന്നുണ്ട്. ചിലപ്പോള്‍ ഇപ്രാവശ്യം അതു ചെയ്‌തേക്കും. അല്ലെങ്കില്‍ അടുത്ത വര്‍ഷം തീര്‍ച്ചയായും ചെയ്യും”

– കുഞ്ഞുമോന്‍

കേരളത്തിലെ വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്ന ചൂടില്‍ നിന്നും രക്ഷ നേടാന്‍ ആളുകള്‍ ടെറസ്്് വീടും ഫ്‌ലാറ്റുമെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നും കുഞ്ഞുമോന്‍ പറയുന്നു. വീണ്ടും ഓലപ്പുരയും വൈക്കോല്‍ കൂരയുമൊക്കെ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്തിന് അധിക സമയമില്ലെന്നും കുഞ്ഞുമോന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.