ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം സമരത്തിനെത്തിയ തോക്ക് സ്വാമി ഉള്‍പ്പെടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ തള്ളി

single-img
6 April 2017

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തോടുമൊപ്പം സമരം ചെയ്യാനെത്തിയ പൊതു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി.കെഎം ഷാജഹാന്‍, തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എസ്.യു.സി.ഐ നേതാവ് ഷാജീര്‍ഖാന്‍, ശ്രീകുമാര്‍, മിനി എന്നിവരുടെ ജാമ്യപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഡിജിപിയെ കാണാനായി എത്തിയ ഇവരെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകി മജസ്ട്രേറ്റിന് മുന്നില്‍ ഹാജാരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇവരെ അറിയില്ലെന്ന ജിഷ്ണുവിന്റെ ബന്ധുക്കളുടെ മൊഴി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതും സമരത്തില്‍ ഇവര്‍ ബാഹ്യ ഇടപെടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്.

മഹിജയ്ക്കൊപ്പം പ്രതിഷേധത്തിനെത്തിയ പൊതു പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതു പ്രവര്‍ത്തകരായവരെ പ്രശ്നക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

അറസ്റ്റിലായവരില്‍ ഹിമവല്‍ ഭദ്രാനന്ദ ഒഴികെയുള്ള നാലു പേരുടേയും പേരുകളില്‍ ഇതുവരേയും ഒരു കേസും രേഖപ്പെടുത്തിയിട്ടില്ല. നാലു പേരും പൊതു പ്രവര്‍ത്തകരാണ്. ഷാജഹാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളുമാണ്. ഈ സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നിലെ ധാര്‍മ്മികതയെന്തെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.