സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍; മേയറുടെ പരാതിയില്‍ ജൂഡിനെതിരെ പൊലീസ് കേസെടുത്തു: മാപ്പു പറയാനെത്തിയ ജൂഡ് വെറും കൈയോടെ മടങ്ങി

single-img
5 April 2017

കൊച്ചി:ഷൂട്ടിങിനായി പാര്‍ക്ക് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റെണിക്കെതിരെ പൊലീസ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജൂഡിനെതിരെ കേസെടുത്തത്.

എറണാകുളത്തെ സുഭാഷ് പാര്‍ക്ക് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനു വിട്ടുതരണമെന്നാവശ്യപ്പെട്ട്ുള്ള ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന ഒരു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പാര്‍ക്ക് വിട്ടതരണമെന്ന് ആവശ്യവുമായാണ് ജൂഡ് ആന്റണി മേയറുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍ സിനിമാ ഷൂട്ടിംഗിനായി പാര്‍ക്ക് അനുവദിക്കില്ലെന്ന് പറഞ്ഞ മേയറോട് സംവിധായകന്‍ അപകീര്‍ത്തികരമായി സംസാരിക്കുകയും, അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കാലിക പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചിത്രമായതിനാല്‍ ഷൂട്ടിങിനു പാര്‍ക്ക് വിട്ടു നല്‍കണമെന്ന് മേയറോട് ഒരു മന്ത്രിയടക്കം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. പക്ഷേ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതില്‍ വിലക്കുണ്ടെന്ന് പറഞ്ഞ് മേയര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇത് സംവിധായകനെ പ്രകോപിതനാക്കിയെന്നും മേയര്‍ പറയുന്നു.

അതേ സമയം മേയറെ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തുകയോ അപകീര്‍ത്തികമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നു സംവിധായകനുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ഷൂട്ടിംഗിനു പാര്‍ക്ക് ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ദേഷ്യപ്പെട്ട് വാതില്‍ അടയ്ക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറയാന്‍ തയാറായി ജൂഡ് ഓഫീസില്‍ എത്തിയെങ്കിലും മേയര്‍ പരാതി നല്‍കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ജൂഡിനെതിരെ കേസ് എടുത്തതായി എറണാകുളം സെന്‍ട്രല്‍ സിഐ ഇ-വാര്‍ത്തയോടു പറഞ്ഞു. ജൂഡ് ആന്റണി തന്നോട് മോശമായി പെരുമാറുകയും തന്നെ അപമാനിക്കാന്‍ ശ്രമിച്ചുമെന്നുമുള്ള മേയറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും പരാതി കെട്ടിച്ചമച്ചതല്ലെന്നും ഇതിന്മേല്‍ നടപടിയെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും സിഐ പറഞ്ഞു.