ചാനല്‍ മേധാവി ഹണിട്രാപ്പായിരുന്നുവെന്നു കുമ്പസരിച്ചിട്ടും ശശീന്ദ്രനെതിരെ പ്രതിയായ മാധ്യമപ്രവര്‍ത്തകയുടെ പരാതി: തന്നെ ഫോണ്‍ വിളിച്ചു നിരന്തരം ശല്യപ്പെടുത്തി

single-img
5 April 2017

തിരുവനന്തപുരം: തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാരോപിച്ച് മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി ഫോണ്‍കെണി വിവാദത്തില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തുകയുണ്ടായി.

മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ മംഗളം ചാനലിന്റെ ‘ഹണി ട്രാപ്പില്‍’ പ്രതികളായ ചാനലിന്റെ സിഇഒ ആര്‍ അജിത്ത്കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ എസ് ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മൊഹമ്മദ്, എംബി സന്തോഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി ആരോപണവിധേയയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ മന്ത്രിയെ ഫോണ്‍ കെണിയില്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഒരു യുവതിയുമായി നടത്തിയ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ചാനല്‍ ലോഞ്ചിങിന്റെ ഭാഗമായി മംഗളം പുറത്തുവിടുകയായിരുന്നു. സഹായത്തിനായി തന്നെ സമീപിച്ച വീട്ടമ്മയോട് മന്ത്രി മോശമായി പെരുമാറിയെന്ന തരത്തിലായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മന്ത്രിക്ക് രാജിവെക്കേണ്ടിയും വന്നു.

എന്നാല്‍ സംഭവം വന്‍വിവാദമായതോടെ തങ്ങള്‍ നടത്തിയത് സ്റ്റിങ് ഓപറേഷന്‍ ആയിരുന്നുവെന്നും ഹണിട്രാപ്പിലൂടെ മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നും മംഗളം ചാനലിലെതന്നെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് മന്ത്രിയുമായി അശ്ലീലച്ചുവയുള്ള ഫോണ്‍സംഭാഷണം നടത്തിയതെന്നും ചാനല്‍ സിഇഒ അജിത്ത്കുമാര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതില്‍ മന്ത്രിയോട് സംസാരിച്ച ചാനലിലെ യുവതി തന്നെയാണിപ്പോള്‍ അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.