സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു;മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്നു മഹിജ

single-img
5 April 2017

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയോടും ബന്ധുക്കളോടും പൊലീസ് ക്രൂരത. പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞു ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്നു ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബത്തെ ഇന്ന് ഡിജിപി ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുകയാണ്.

ജിഷ്ണുവിന്റെ കുടുംബം പൊലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ സഹാചര്യത്തിലാണ് ഡിജിപി ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരുടെ നേരെയുള്ള പൊലീസ് നടപടി പ്രതികൂലമായി ബാധിക്കുമെനന്നുള്ള ഭയവും ഈ നീക്കത്തിലുണ്ടെന്നു കരുതുന്നു.

പൊലീസ് നടപടിക്കിടയില്‍ മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ നലൃിലവിളിക്കുന്നുണ്ടായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും പ്രതിഷേധിക്കാതെ പിരിഞ്ഞുപോകണമെന്നും പൊലീസ് ജിഷ്ണുവിന്റെ കുടുംബത്തിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ജിഷ്ണുവിന്റെ കുടുംബം ഇത് നിരാകരിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വിലങ്ങ് വെച്ച് മാത്രമെ കൊണ്ടുപോകാന്‍ കഴിയുകയുളളുവെന്നും തങ്ങളെ സമരത്തിന് അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെടട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിനു ശേഷം കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്നു വിട്ടയക്കുകയുമായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം വിട്ടയച്ചതെന്നാണ് പൊലീസ് ഭാഷ്യം.