വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മരണപ്പെട്ട ജിഷ്ണു എസ്എഫ്‌ഐക്ക് രക്തസാക്ഷിയല്ല; ഭാവിയില്‍ ആലോചിക്കാമെന്ന് ജെയ്ക്ക് സി തോമസ്

single-img
5 April 2017

 

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ജിഷ്ണു പ്രണോയി എസ്എഫ്‌ഐ യുടെ ഔദ്യോഗിക രക്തസാക്ഷിയല്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. ജിഷ്ണുവിന്റെ രക്തസാക്ഷിത്വം തങ്ങള്‍ അംഗികരിക്കുന്നുണ്ടെങ്കിലും നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നാരദാ ന്യൂസിനു വേണ്ടി പ്രതീഷ് രമയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐക്ക് നിലവില്‍ എത്ര രക്തസാക്ഷികളുണ്ടെന്ന ചോദ്യത്തിന് ദേവപാലന്‍ മുതല്‍ ഒടുവില്‍ സലീം ഷാ, ഫാസില്‍ വരെ 32 രക്തസാക്ഷികളുണ്ടെന്നാണ് ജെയ്ക്കിന്റെ മറുപടി. ജിഷ്ണു മുപ്പത്തി മൂന്നാമത്തേതാണോ എന്ന ചോദ്യത്തിന് അങ്ങനെ തങ്ങള്‍ പറയാറില്ലെന്നും ജിഷ്ണുവും രജനി എസ് ആനന്ദുമൊക്കെ കൊല്ലപ്പെട്ടത് വേറൊരു അര്‍ത്ഥത്തിലാണെന്നും ജെയ്ക്ക് പറയുന്നുണ്ട്.

കോളേജില്‍ യൂണിറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് ജിഷ്ണുവെന്നും കോളേജില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് അവന്‍ കൊല്ലപ്പെട്ടതെന്നുമിരിക്കെ സംഘടനപരമായി അംഗീകരിക്കാന്‍ നിങ്ങള്‍ക്കെന്തുകൊണ്ടാണിത്ര വൈമനസ്യം എന്ന ചോദ്യത്തിനും തന്ത്രപരമായ മറുപടിയുമായി ജെയ്ക്ക് എത്തുന്നുണ്ട്. ജിഷ്ണു എസ്എഫ്‌ഐക്കാരനാണെന്ന കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നാണ് ജെയ്ക്ക് പറയുന്നത്.

ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തെ സംഘടനയുടെ അകത്ത് നിര്‍ത്തി 32 പേരില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭാവിയില്‍ ഇക്കാര്യം സംബന്ധിച്ചു ആലോചനകളുണ്ടായേക്കാമെന്നും ജെയ്ക്ക് അഭിമുഖത്തില്‍ പറയുന്നുണ്ട്.