108 ആംബുലൻസ് പദ്ധതി അഴിമതി കേസ്:വയലാര്‍ രവിയുടെ മകൻ രവികൃഷ്ണയുടെ സ്വത്ത് കണ്ടുകെട്ടി.

single-img
4 April 2017

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയിലാണ് നടപടി. സ്വക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ. ഇദ്ദേഹത്തിന്റെ പങ്കാളി ശ്വേത മംഗളത്തിന്റേതുമുള്‍പ്പെടെ 11.57 കോടി സ്വത്തുക്കളാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം പിടിച്ചത്.
2010-ല്‍ രാജസ്ഥാനില്‍ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രവികൃഷ്ണയുടെ സ്ഥാപനമായ സിക്വിറ്റ്‌സയ്ക്ക് ‘108’ ആംബുലന്‍സുകളുടെ കരാര്‍ നല്‍കിയത്. എന്നാല്‍ ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. സിക്വിറ്റ്‌സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആംബുലന്‍സിന്റെ ട്രിപ്പുകളുടെ എണ്ണത്തില്‍ ക്രമക്കേട് നടത്തുകയും, ജിപിഎസ് ഘടിപ്പിക്കാതെയായിരുന്നു ട്രിപ്പ് എന്നും കണ്ടെത്തിയിരുന്നു. ഇതിലൂടെ അനധികൃതമായി 23 കോടി രൂപയാണ് കമ്പനി നേടിയത്.
അശോക് ഗഹ്ലോത്, രാജസ്ഥാന്‍ പി.സി.സി. പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, മുന്‍മന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രവികൃഷ്ണ തുടങ്ങിയവര്‍ക്കെതിരെ 2015 ല്‍ സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.