പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടിയതോടെ അനധികൃത കള്ള് വില്പന തകൃതിയായി തുടരുന്നു;തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ മദ്യവും വ്യാപകം;മദ്യദുരന്തത്തിലേക്ക് വഴിതുറന്ന് കേരളം

single-img
4 April 2017


പാലക്കാട്: സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന സുപ്രീംകോടതിയുടെ ഉത്തരവോടെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ കൂട്ടത്തോടെ പൂട്ടുകയും അവശേഷിക്കുന്ന ബീവറേജ് ഔട്ട് ലെറ്റുകളില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയും ആയതോടെ കള്ളുഷാപ്പുകളില്‍ വില്‍പ്പന തകൃതിയായി. വേനല്‍ കനത്തതോടെ കള്ളുല്‍പ്പാദനത്തിലുണ്ടായ കുറവു മറികടക്കാന്‍ വന്‍തോതില്‍ കൃത്രിമക്കള്ള് നിര്‍മിക്കുന്നതായും വിവരമുണ്ട്. എന്നാല്‍ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ അളവോ തോപ്പുകളില്‍ ചെത്തിയിറക്കുന്നതോ അധികൃതര്‍ പരിശോധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതു വളരെ വലിയൊരു മദ്യദുരന്തത്തിലേക്കു നയിക്കുമെന്നാണ് സൂചനകള്‍ നല്‍കുന്നത്.

എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് കള്ളുവില്‍പ്പന കുത്തനെ കൂടിയത്. ഒന്നാം തീയതിയും തൊട്ടുപിന്നാലെ ഞായറും വന്നതും ഷാപ്പിലെ വില്‍പ്പന കൂട്ടി.

കള്ളുഷാപ്പില്‍ വില്‍ക്കാന്‍ എത്തിക്കുന്ന കള്ളിന്റെ അളവു മുതല്‍ വില്‍പ്പന നടത്തുന്നതും അവശേഷിക്കുന്നതുമായ അളവു വരെ സമയാസമയങ്ങളില്‍ ഷാപ്പുകളിലെ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പുതിയ സാഹചര്യത്തില്‍ ഇത് അട്ടിമറിച്ചതായാണു വിവരം. വില്‍പ്പന ഇരട്ടിയിലധികം കൂടിയിട്ടും ഇവയൊന്നും തന്നെ കണക്കില്‍പ്പെടുത്തിയിട്ടില്ല. എക്സൈസ് അധികൃതരാവട്ടെ പെര്‍മിറ്റിന്റെയും മറ്റും തിരക്കില്‍ പരിശോധന ഉപേക്ഷിച്ച മട്ടാണ്.

അതേ സമയം ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ലെന്നും പരാതി ഉയര്‍ന്നു. തിരക്കേറിയ സാഹചര്യത്തില്‍ സ്റ്റോക്ക് തീരുന്നതാണെന്ന് ബീവറേജസ് അധികൃതര്‍ പറഞ്ഞു ഇവിടങ്ങളിലെ കിലോമീറ്ററുകള്‍ നീളുന്ന ക്യൂ മുതലാക്കി ബ്ലാക്കിലുള്ള വില്‍പ്പനയും തുടങ്ങി. 240 രൂപ വിലയുള്ള അരലിറ്റര്‍ വിദേശമദ്യം 300 രൂപ ഈടാക്കിയാണ് മറിച്ചുവില്‍ക്കുന്നത്. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെയാണ് മദ്യം നല്‍കുന്നത്.

ഇതിനിടയില്‍ത്തന്നെ തമിഴ്നാട്ടില്‍ നിന്നുമുള്ള മദ്യത്തിന്റെ ഒഴുക്കും കൂടി. കൊഴിഞ്ഞാമ്പാറ-കോയമ്പത്തൂര്‍ റോഡില്‍ സംസ്ഥാന അതിര്‍ത്തിയായ വേലന്താവളം വരെ സംസ്ഥാന പാതയും അപ്പുറത്ത് തമിഴ്നാട്ടില്‍ ജില്ലാ പാതയുമാണ്. അതിനാല്‍ വേലന്താവളത്തിനപ്പുറത്ത് മദ്യശാലകളുണ്ട്.ഇവിടുന്ന് കേരളത്തിലേക്ക് ധാരാളമായി മദ്യം കടത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേ സമയം സുപ്രീം കോടതി വിധിയോടെ 5000 കോടി രുപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാറിനുണ്ടാവുക.മദ്യ വില്പനയിലെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനാണ് സര്‍ക്കാറിന്റെ ആലോചന.