ഹണി ട്രാപ്പ്: മംഗളം ചാനൽ ഓഫീസിൽ വീണ്ടും പരിശോധന;ജീവനക്കാരെ അറസ്റ്റ് ചെയ്‌തേക്കും

single-img
3 April 2017


തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെ കുടുക്കാൻ ഹണിട്രാപ്പ് ഒരുക്കിയ മംഗളം ടിവി ചാനലിന്റെ ഓഫീസിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. ഉച്ചയ്ക്ക് 2.30ഓടെയാണ് പൊലീസ് സംഘം ചാനലിലെത്തിയത്. ഇന്നലേയും ചാനലിന്റെ ഓഫീസിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും ലഭിച്ചിരുന്നില്ല. മുൻ മന്ത്രിയുടെ സംഭാഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ചാനലിന്റെ ഭരണവിഭാഗത്തിന് അവധി ആയിരുന്നതിനാൽ വിവരങ്ങൾ ഒന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട മംഗളം ചാനൽ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ പ്രതികൾ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

മംഗളം ചാനല്‍മേധാവി ആര്‍.അജിത്കുമാര്‍ അടക്കം ചാനലിലെ ഒന്‍പത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നോട്ടീസ് നല്‍കിയിട്ടും ഇതുവരെ പ്രതികള്‍ ഹാജരായില്ലെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.