ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ റോളില്‍:ഗാനാലാപനത്തിലാണ് സച്ചിന്‍ ഒരു കൈനോക്കുന്നത്.

single-img
3 April 2017

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ റോളില്‍ ആരാധകരെ കൈയിലെടുക്കാന്‍ എത്തുന്നു. ഗാനാലാപനത്തിലാണ് സച്ചിന്‍ ഒരു കൈനോക്കുന്നത്.ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലൂടെയാണ് സച്ചിന്‍ തന്റെ ഗാനരംഗത്തെ അരങ്ങേറ്റം കുറിക്കുന്നത്. യൂട്യൂബിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

ആറു ലോകകപ്പുകളിലും തനിക്കൊപ്പം കളിച്ചവര്‍ക്കുള്ള ആദര സൂചകമായാണ് സച്ചിന്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത്. ആല്‍ബം പൂര്‍ണ്ണ രൂപത്തില്‍ പിന്നീടായിരിക്കും പുറത്തിറങ്ങുക. ഗ്യാലറികളെ ആവേശഭരിതമാക്കിയ സച്ചിന്‍..സച്ചിന്‍ എന്ന ചാന്റും ആ വീഡിയോയില്‍ കേള്‍ക്കാം. ഷാമിര്‍ ടന്‍ഡനാണ് ഗാനത്തിന് സംഗീതം പകര്‍ന്നത്.

ബോളിവുഡിലെ ശ്രദ്ധേയനായ ഗായകന്‍ സോനു നിഗമിനോടൊപ്പമാണ് സച്ചിന്‍ ഗാനമാലപിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രഫഷനല്‍ സിംഗറെപ്പോലെ വളരെ ഉജ്ജ്വലമായാണ് സച്ചിന്‍ പാടിയിരിക്കുന്നതെന്ന് ഗായകന്‍ സോനു പറഞ്ഞു. സച്ചിനൊപ്പം ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പാട്ടിന്റെ പിച്ച് എടുക്കുന്ന രീതി തന്നെ അമ്പരപ്പിച്ചെന്നും സോനു നിഗം പറയുന്നു.