ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താനൊരുങ്ങി അമേരിക്ക;ചൈനയുടെ സഹായമില്ലെങ്കില്‍ ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് ട്രംപ്

single-img
3 April 2017

വാഷിങ്ടന്‍ : ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തര കൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ യുഎസിനു കഴിയുമെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ട്രംപിന്റെ പ്രതികരണം.

ചൈനയ്ക്ക് അമേരിക്കയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യാം, സഹായിക്കുകയാണെങ്കില്‍ അത് ചൈനക്ക് നല്ലതാണ്, മറിച്ചാണ് നിലപാടെങ്കില്‍ അത് ആര്‍ക്കും ഗുണം ചെയ്യില്ല. അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി വിഷയം സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഈ മാസം അഞ്ചിനാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് അമേരിക്കയിലെത്തുന്നത്. ഫ്‌ലോറിഡയില്‍ വെച്ച് ഷീ ജിന്‍പിങ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയ്ക്ക് ഗുണം ഇല്ലാത്ത ചൈനയുമായുള്ള സാമ്പത്തിക കരാറുകള്‍ തുടരില്ലെന്ന ട്രംപ് നിലപാടെടുത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച സങ്കീര്‍ണമാകുമെന്നാണ് കരുതപ്പെടുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചൈനയെ നിശിതമായി വിമര്‍ശിച്ചിരുന്നയാളാണ് ഡോണള്‍ഡ് ട്രംപ്. കയറ്റുമതി വസ്തുക്കള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതടക്കമുള്ള മുന്നറിയിപ്പുകളും നല്‍കിയിരുന്നു. ഉത്തര കൊറിയയെ നിയന്ത്രിക്കുന്നതിനായി യുഎസ് ബെയ്ജിങ്ങിനു മേല്‍ വ്യാപാര സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.