അയോധ്യ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യോഗി ആദിത്യനാഥ്

single-img
3 April 2017

ലഖ്നൗ: അയോധ്യ തര്‍ക്ക വിഷയത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നതിന് സുപ്രീം കോടതിക്ക് പൂർണ്ണ പിന്തുണയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിഹാരം കാണുന്നതിനായി എല്ലാ പാര്‍ട്ടികളും ഒന്നിച്ചിരിക്കണമെന്നും ചര്‍ച്ചകളാണ് ഇതിനുള്ള ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി തലത്തിലുള്ള ഏത് ചര്‍ച്ചയ്ക്കും താനും തന്റെ ഗവണ്‍മെന്റും തയ്യാറാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 21നാണ് ബാബറി മസ്ജിദ്- അയോധ്യാ തര്‍ക്കം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതി മുന്നോട്ടു വെച്ചത്. ആവശ്യമെങ്കില്‍ താന്‍ മധ്യസ്ഥത വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍ അറിയിച്ചിരുന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്ന വിഷയത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധങ്ങളെക്കുറിച്ചും യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഒരു കാര്യവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.