ചരക്ക് നീക്കം പൂര്‍ണമായി നിലച്ചതിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം; പലവ്യഞ്ജന സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പൊള്ളുന്ന വില

single-img
3 April 2017

കോഴിക്കോട്: അനിശ്ചിതകാല ലോറി സമരത്തെ തുടര്‍ന്ന് ചരക്കു നീക്കം നിലച്ചു. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരേ കോ-ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് നീങ്ങിയതോടെ പലവ്യഞ്ജനവും പച്ചക്കറിയുമുള്‍പ്പടെ അവശ്യ സാധനങ്ങളുടെ ക്ഷാമമേറുന്നു.
പച്ചക്കറികള്‍ക്കായി കേരളം ഏറെ ആശ്രയിക്കുന്നത് തമിഴ്നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളെയാണ്. ചരക്ക് ലോറി സമരം ആരംഭിച്ചതോടെ രണ്ടിടത്തും പച്ചക്കറികള്‍ കെട്ടിക്കിടക്കുകയാണ്. ഇനിയും സമരം തുടര്‍ന്നാല്‍ അരിക്ഷാമം രൂക്ഷമാകുമെന്നും വ്യാപാരികള്‍ പറയുന്നു. ഇത് അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജന സാധനങ്ങളുടെയും പച്ചക്കറികളുടെയും വില ഉയര്‍ത്താന്‍ ഇടയാക്കും.

ഇരുപത് മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധനയാണ് അടുത്തിടെ പച്ചക്കറികള്‍ക്ക് ഉണ്ടായിരിക്കുന്നത്. പച്ചക്കറികള്‍ക്ക് പൊളളുന്നവില എത്തിയതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയ നിലയിലാണ്. ചരക്ക് നീക്കം കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും പച്ചക്കറി വരവില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വരവ് കുറഞ്ഞതോടെയാണ് വിലവര്‍ധനക്ക് സാധ്യത. ഈ സ്ഥിതി തുടര്‍ന്നാല്‍ വിഷുവും, ഈസ്റ്ററും ചെലവേറുമെന്ന ആശങ്കയിലാണ് മലയാളികള്‍.