ഒരു മീൻപൊരിച്ചതിനു വില 1000 രൂപ;കോട്ടയം കരിമ്പിന്‍ ടേസ്റ്റ്‌ലാന്റിൽ നിന്നും ഒരു മീന്‍പൊരിച്ചത് കഴിച്ചതിന്റെ ഞെട്ടൽ മാറാതെ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

single-img
3 April 2017


കോട്ടയം: നാട്ടകം കരിമ്പിന്‍ ടേസ്റ്റ്‌ലാന്റില്‍ നിന്നും ഒരു മീന്‍പൊരിച്ചത് കഴിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല ഫ്‌ളവേഴ്‌സ് ചാനലിലെ ഡിജിറ്റല്‍ മീഡിയ ഹെഡായ നിഖില്‍ രാജിന്.നൂറും അഞ്ഞുറുമല്ല രൂപ ആയിരമാണ് ഈ റെസ്‌റ്റോറന്റില്‍ നിന്നും ഒരു സാധാരണ മീന്‍ പൊരിച്ചത് ഓര്‍ഡര്‍ ചെയ്തതിന് നിഖിലിന്റെ പോക്കറ്റില്‍ നിന്നും കാലിയായത്.

നാട്ടകത്തെ സാധാരണ എ.സി റെസ്റ്റോറന്റായ കരിമ്പിന്‍ ടേസ്റ്റ് ലാന്റിലാണ് ഒരു കണമ്പ പൊരിച്ചതിന് ഞങ്ങളോട് 1000 രൂപ ബില്‍ ഈടാക്കിയത്.ഹോട്ടലുടമയ്ക്ക് കഴിച്ച ഭക്ഷണത്തിന് ബില്‍ ഈടാക്കാന്‍ അവകാശമുണ്ടെങ്കിലും മറ്റു റസ്റ്റോറന്റുകളില്‍ നിന്നും വ്യത്യസ്തമായി ഇതിന് പ്രത്യേക രുചി പോലും ഇല്ലെന്നിരിക്കെ ഒരു സാധാ മീന്‍പൊരിച്ചതിന് 1000 രൂപ എന്നത് തികച്ചും അനീതിയാണ്.അല്ലെങ്കില്‍ മീന്‍പൊരിച്ചതിന്റെ വില ഹോട്ടലിലെ വിലവിവരപ്പട്ടികയില്‍ അവര്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.അത് പോലും ചെയ്യാതെ തോന്നിയ വില ഇടാക്കിയുള്ള ഹോട്ടലുകാരുടെ ഈ കൊള്ള അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വില കേട്ട് ഞെട്ടാന്‍ ത്രാണിയില്ലാത്തവര്‍ ഇത്തരം ഹോട്ടലുകളില്‍ അറിയാതെ പോലും കയറരുതെന്നും നിഖില്‍രാജ് ഇ വാര്‍ത്തയോട് പറഞ്ഞു.

അതേ സമയം തങ്ങള്‍ അധിക വില ഈടാക്കിയിട്ടില്ലെന്നും ഇത് കായലില്‍ നിന്നും മാത്രം ലഭിക്കുന്ന കണവ വിഭാഗത്തില്‍ പെടുന്ന അപൂര്‍വ്വയിനം മീനാണെന്നും ചിലപ്പോള്‍ ഒരു മീനിന്റെ തൂക്കം മാത്രം ഒരു കിലോയോളം വരുമെന്നും കരിമ്പിന്‍ ടേസ്റ്റ്‌ലാന്റ് റെസ്റ്റോറന്റ് എം.ഡി ദിനേശന്‍ പറഞ്ഞു.മാത്രമല്ല ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു, പക്ഷേ സാധാരണെയായി അതില്‍ മീന്‍ വിഭവങ്ങളുടെ വില നല്‍കാറില്ല.ഒരോ ദിവസം ലഭിക്കുന്ന മീനിന്റെയും തൂക്കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവയുടെ വില നിശ്ചയിക്കുന്നതെന്നും ഓരോ ദിവസവും അവ വ്യത്യസ്തമായിരിക്കുമെന്നും ദിനേശന്‍ ഇ വാര്‍ത്തയോടു പ്രതികരിച്ചു.