സര്‍ക്കാരിന് 5000 കോടിയുടെ വരുമാനനഷ്ടം:മദ്യവില്‍പനയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും

single-img
3 April 2017

പാതയോരങ്ങളിലുള്ള ബിവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടുകയും പുതിയസ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ സാധിക്കാതാവുകയും ചെയ്ത സാഹചര്യത്തില്‍, സര്‍ക്കാരിന് ഉണ്ടാകുന്നത് 5000 കോടിയുടെ വരുമാനനഷ്ടം.ഇതിന്റെ പശ്ചാത്തലത്തിൽ മദ്യവില്‍പനയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.ദേശീയസംസ്ഥാന പാതയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇപ്പോഴും തുറന്നിരിക്കുന്ന ബിവറേജസ് ഔട്‌ലെറ്റുകള്‍ക്കു മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത് ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നവുമായി മാറുന്ന സാഹചര്യമാണുള്ളത്. ചിലയിടങ്ങളില്‍ വ്യാപാരികളും നാട്ടുകാരും ഇതിനെതിരായി പരാതിയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.. മിക്കവാറും ഇടങ്ങളില്‍ നാട്ടുകാരുടെ എതിര്‍പ്പിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ജനപ്രതിനിധികളാണെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. കൂടാതെ, തങ്ങള്‍ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍, പുതിയ മദ്യക്കടകള്‍ക്ക് എന്‍ഒസി നല്‍കേണ്ടെന്ന നിലപാട് രാഷ്ട്രീയ തലത്തില്‍ എടുക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ രാഷ്ട്രീയ സമവായത്തിലൂടെ എതിര്‍പ്പിനെ മറികടക്കുക എന്ന മാര്‍ഗ്ഗം മാത്രമേ സര്‍ക്കാരിനു മുന്നിലുള്ളൂ. ഇതിനായി ഭരണപ്രതിക്ഷ കക്ഷികള്‍ കൈകോര്‍ക്കുന്ന സാഹചര്യമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.ഇതിനായാണു സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്.