പോലീസുകാരും ഇനി പിഴയടയ്ക്കേണ്ടി വരും;സേവനം നൽകാൻ കാലതാമസം വരുത്തുന്ന പോലീസുകാർ 250 മുതൽ 5000 രൂപ വരെ പിഴയടയ്ക്കേണ്ടി വരും

single-img
3 April 2017

ന്യു ഡൽഹി:പോലീസുകാർ ഇനി പിഴയിടാൻ മാത്രമല്ല പിഴയടയ്ക്കാൻ കൂടി പഠിയ്ക്കേണ്ടി വരും.നിങ്ങളുടെ പാസ്പോർട്ട് വേരിഫിക്കേഷൻ ഇരുപത് ദിവസത്തിനുള്ളിൽ പൂർത്തീകരിയ്ക്കാൻ കഴിയാതിരുന്നാലോ എഫ്.ഐ.ആറിന്റെ പകർപ്പ് അതേദിവസം തരാതിരുന്നാലോ പോലീസുകാർ 5000 രൂപ മുതൽ 250 രൂപ വരെ ദിവസം പിഴ നൽകേണ്ടി വരും.ഇത്തരത്തിൽ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ പിഴ ചുമത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് (ബിപിആർ ആൻ‍ഡ് ഡി) കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു ശുപാർശ ചെയ്തു.

45 സേവനങ്ങൾ പരിശോധിച്ച പൊലീസ് ഗവേഷണ കേന്ദ്രം, അവ ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും നിശ്ചയിച്ചു.പരാതിക്കാരന് എഫ്ഐആറിന്റെ പകർപ്പ് അതേ ദിവസം തന്നെ നൽകണം. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനകവും കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നു ദിവസത്തിനകവും ലഭ്യമാക്കണം.പാസ്പോർട്ട് വെരിഫിക്കേഷന് 20 ദിവസമാണു പരിധി.

സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും ഉദ്യോഗസ്ഥർ 250 രൂപ വീതം പിഴ നൽകണം. ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ചുമതല വഹിക്കാൻ ഓരോ സ്റ്റേഷനിലും നോഡൽ ഓഫിസറെ നിയമിക്കണമെന്നും പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് ശുപാർശ ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.