വയോധികയെ കയറ്റാതെ പോയ ബസ് സിഐ കസ്റ്റടിയിലെടുത്തു;അതിനു പിന്നാലെ ബസ് ജീവനക്കാരനെ പോലീസ് മര്‍ദ്ദിച്ചെന്ന വ്യാജ പരാതി; യൂണിയന്‍ സമരം, എല്ലാം പൊളിച്ചടുക്കി ആറ്റിങ്ങല്‍ സിഐയുടെ വീഡിയോ

single-img
3 April 2017

ആറ്റിങ്ങല്‍: പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് ആശുപത്രിയില്‍ അഡ്മിറ്റാകുകയും പിന്നാലെ സമരമാരംഭിച്ച് വാദിയെ പ്രതിയാക്കാമെന്ന് ഇനിയാരും കരുതേണ്ട. പ്രൈവറ്റ് ബസ് ജീവനക്കാരുടെ സമരത്തിനു മറുപടിയുമായി ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാട്‌സാപ്പ് വീഡിയോ. വയോധികയെ കയറ്റാതെ പോയ ബസ് സി ഐ അനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. എന്നാല്‍ സമരം ആഹ്വാനം നടത്തിയ യൂണിയന്‍ നേതാക്കള്‍ക്ക് സിഐ ചോദ്യം ചെയ്യല്‍ വീഡിയോ അയച്ച് കൊടുത്തതോടെ സംഭവത്തില്‍ വാദി പ്രതിയായി മാറുകയായിരുന്നു.

 

വയോധിക കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ആര്‍.കെ.വി എന്ന പ്രൈവറ്റ് ബസ് കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ സിഐ അനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സിഐ മര്‍ദ്ദിച്ചെന്ന് പറഞ്ഞ് രണ്ട് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അതോടെ സംഭവത്തിന്റെ സത്യാവസ്ഥപോലും അന്വേഷിക്കാതെ യൂണിയന്‍ സമരവും പ്രഖ്യാപിച്ചു. എന്നാല്‍ എന്തിനും ഏതിനും സമരം ചെയ്യാനൊരുങ്ങുന്ന തൊഴിലാളി നേതാക്കള്‍ക്ക് ചോദ്യം ചെയ്യല്‍ വീഡിയോ അയച്ച് കൊടുത്തതോടെ നാടകീയ രംഗങ്ങള്‍ക്ക് തിരശീല വീണു.

പോലീസുകാര്‍ ഇരുവരേയും തല്ലുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോവില്‍ സിഐ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉപദേശം സിനിമയെ വെല്ലുന്നതാണ്. എന്തായാലും സത്യം പുറത്ത് വന്നതോടെ യൂണിയന്‍ നേതാക്കള്‍ സമരം പിന്‍വലിച്ചു. കള്ളം പറഞ്ഞ് പറ്റിച്ച ജീവനക്കാരെ പുറത്താക്കി നേതാക്കള്‍ മുഖം രക്ഷിച്ചു. സംഭവം ഇതൊക്കയാണെങ്കിലും സത്യാവസ്ഥ പുറത്തുവന്നതോടെ സിഐയുടെ ചോദ്യം ചെയ്യല്‍ വീഡിയോ കണ്ടവര്‍ക്കല്ലാം വില്ലനായ സിഐ ഇപ്പോള്‍ നായകനായിരിക്കയാണ്.