ആരോഗ്യ മേഖലയിൽ ചരിത്രം കുറിച്ച് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി; കുഞ്ഞു പാർവ്വതിക്കിത് രണ്ടാം ജന്മം..ഒരേ സമയം തത്സമയ-ദാതാക്കളിലൂടെ കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി

single-img
2 April 2017

കൊച്ചി: ഒരേ സമയം തത്സമയ-ദാതാക്കളിലൂടെ വെറും 7 കിലോഗ്രാം ഭാരവും 20 മാസം പ്രായവുമുള്ള പാർവ്വതിക്ക് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയിലെ ടാന്‍സ്പ്ലാന്റ് ടീം. ഇത്രേയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരിക്കും ഇനിയവള്‍.

“വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പാര്‍വ്വതിക്ക് സ്ഥായിയായൊരു വൃക്ക രോഗം ഉണ്ടാകുന്നത്. AGXT എന്ന ലിവര്‍ എന്‍സൈമിന്റെ അഭാവത്തിലൂടെ അസാധാരണമാം വിധം രക്തത്തിലെ ‘ഓക്‌സലേറ്റി’ന്റെ അളവ് വര്‍ധിപ്പിക്കുന്ന പ്രൈമറി ഹൈപ്പറോക്‌സലറിയ ടൈപ്പ് -1 ആയിരുന്നു അവള്‍ക്ക്. ഇത് വൃക്കയുടെ എന്നെന്നേക്കുമായുള്ള നാശത്തിനും കാരണമായിത്തീരുന്ന വിധം മാരകാവസ്ഥയാണ്.

ഈ അസുഖത്തിനുള്ള ഏക ചികിത്സയായ കരള്‍-കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്ക് വളരെ അത്യന്താപേക്ഷിതമായിരുന്ന 10 കിലോ ശരീര ഭാരം അവളില്‍ നിലനിര്‍ത്തുന്നതിനായി ഡയാലിസിസിനോടൊപ്പം പോഷകാഹാരങ്ങള്‍ ശരീരത്തിലെത്തിക്കുന്നതിനുള്ള കേന്ദ്രത്തിലേക്ക് മാറ്റുകയുണ്ടായി. പക്ഷേ വിവിധ തടസ്സങ്ങള്‍ മൂലം അവള്‍ വണ്ണം വെക്കുന്നത് ഇല്ലാതായി.

പാർവ്വതിയുടെ നില ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരുന്നു. എന്നാല്‍ വളരെ ഉയര്‍ന്ന തലത്തിലുള്ള അപകട സാധ്യത വകവയ്ക്കാതെ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അവളുടെ തൂക്കവും വണ്ണവുമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

10 കിലോയില്‍ കുറഞ്ഞ ഭാരമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നൊരാളുടെ വൃക്ക സ്വീകരിക്കാനുള്ള സ്‌പേസ് ഉണ്ടായിരിക്കുകയില്ല. അതുപോലെ വലിയൊരു വൃക്ക മാറ്റിവെക്കുകയാണെങ്കില്‍ വൃക്കയിലെ ഞരമ്പുകളില്‍ ഞെരുക്കല്‍ ഉണ്ടാവുകയും ഇത് മാറ്റിവെച്ച വൃക്കയില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

“പാര്‍വ്വതിയുടെ തകരാറിലായ വലതു വൃക്ക നീക്കം ചെയ്ത് അവിടെ കരള്‍ മാറ്റി സ്ഥാപിച്ച് ആ ഒഴിവില്‍ പുതിയ വൃക്ക സ്പാപിക്കുകയുമായിരുന്നു ഏക പോംവഴി. കുട്ടിയുടെ അച്ചനെയും അമ്മൂമ്മയെയുമാണ് കരള്‍, വൃക്ക എന്നിവയുടെ ദാതാക്കളായി കണ്ടെത്തിയത്,” ഡോ. മാത്യൂ ജേക്കബ് പറഞ്ഞു.

മൂന്ന് ഘട്ടങ്ങളായുള്ള 20 മണിക്കൂര്‍ നീണ്ട ദീര്‍ഘ ശസ്ത്രക്രിയ ആയിരുന്നു അത്. ഡോ മാത്യൂ ജേക്കബിന്റെ നേതൃത്വത്തില്‍ ഡോ റെഹാന്‍ സെയ്ഫ്, സോണാല്‍ അസ്താന, ഡോ രാജീവ് ലോച്ചന്‍, ഡോ കിഷോര്‍ ടി.എ , ഡോ സുരേഷ് ജി നായരുടെ നേതൃത്വത്തിലുള്ള 6 അനസതേഷ്യ വിദഗ്ദര്‍ എന്നിവരടങ്ങിയ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയുണ്ടായി.

ശസ്ത്രക്രിയയ്ക്കു ശേഷം 51 ദിവസം ആശുപത്രിയില്‍ വിശ്രമിച്ച പാര്‍വ്വതി പൂര്‍ണ്ണ സുഖം പ്രാപിക്കുകയും ഭാരം വെയ്ക്കാനും തുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.