ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു; ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇനി പിഴ

single-img
2 April 2017

ദുബായ്: ദുബൈയിലെ മുഴുവന്‍ താമസക്കാരെയും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു. ആശ്രിത വിസയില്‍ ഉള്ളവരെയും തൊഴിലാളികളെയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താത്ത സ്‌പോണ്‍സര്‍മാര്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നു നാളെ മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം.

അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്‌പോര്‍ണസര്‍മാര്‍ തന്റെ സ്ഥാപനത്തിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത പ്രവാസികളും ഇതു നല്‍കേണ്ടി വരും.

ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. കഴിഞ്ഞ ജൂണ്‍ 30 വരെയാണ് മുഴുവന്‍ ദുബൈ നിവാസികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ സമയം അനുവദിച്ചത്. കാല പരിധി പിന്നീട് പല ഘട്ടങ്ങളായി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. 43 ലക്ഷത്തോളം പേര്‍ ഇതിനകം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തതായാണ് കണക്ക്. ബാക്കിയുള്ളവര്‍ക്കായാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഈ വര്‍ഷം ഡിസംബറോടെ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും. സന്ദര്‍ശക വിസ നല്‍കുന്ന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കുമാണ് ഇതിന്റെ ഉത്തരവാദിത്വം.

ഇന്‍ഷുറന്‍സ് പ്രീമിയം തുക വിസ നിരക്കിനൊപ്പം ഈടാക്കും.  പ്രതിമാസ വരുമാനം 4,000 ദിര്‍ഹത്തിലും ചുവടെയുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണമെന്നായിരുന്നു ചട്ടം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുള്ള ചികില്‍സാ സഹായം തടയുന്ന സ്‌പോണ്‍സര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.