പശുവിനെ പൂജിക്കുന്നവര്‍ കാളയെ പണിക്ക് വിടുന്നത് എന്തുകൊണ്ടാണ്? പശു മാതാവെങ്കില്‍ കാള പിതാവാണ്; ജനം എന്തു കഴിക്കണമെന്ന് അവര്‍ നിശ്ചയിക്കട്ടെ- ലക്ഷ്മണ്‍ ഗെയ്ക്‌വാദ്

single-img
2 April 2017

തൃശൂര്‍: പശുവിനെ പൂജിക്കുന്നവര്‍ എന്തുകൊണ്ടാണ് കാളയെ പണിക്കുവിടുന്നതെന്ന് പ്രശസ്ത മറാഠി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്‌വാദ്. കാള പിതാവല്ലേയെന്നും ഗെയ്ക് വാദ് ചോദിക്കുന്നു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മൃഗവും മനുഷ്യനേക്കാള്‍ ഉയര്‍ന്നതല്ല. വിശപ്പുള്ളിടത്തോളം മനുഷ്യന്‍ മൃഗങ്ങളെ കൊന്ന് തിന്നും. പട്ടിണി ഇല്ലാതാക്കുന്നിടത്തോളം ഇത് തുടരും. പട്ടിണിയെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

അതേ സമയം ജനം എന്തു കഴിക്കണമെന്ന് അവര്‍ നിശ്ചയിക്കുകയും ചെയ്യുന്ന കാലമാണ് ഇപ്പോള്‍ എന്നും ലക്ഷമണ്‍ ഗെയ്ക്ക്‌വാദ് പറഞ്ഞു.

എഴുത്തുകാര്‍ എപ്പോഴും സത്യം പറയുന്നവരാകണം. എത്ര എഴുതിയിട്ടും ഇന്ത്യയിലെ ജാതി ജീര്‍ണതകളും അയിത്തവും നിലനില്‍ക്കുകയാണ്. ദലിത്, ആദിവാസി വിഭാഗങ്ങളിലും ആദിവാസി ഊരുകളിലും പട്ടിണി മരണങ്ങള്‍ നടക്കുമ്പോള്‍ സന്യാസിമാര്‍ ശതകോടീശ്വരന്‍മാരാകുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്ന വ്യവസ്ഥയാണ് എഴുത്തുകാരന്‍ സ്വപ്നം കാണേണ്ടതെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. ചടങ്ങില്‍ അക്കാമി പ്രസിഡണ്ട് വൈശാഖന്‍, സേതു, ഖദീജ മുംതാസ് എന്നിവര്‍ സംസാരിച്ചു