ജേക്കബ് തോമസിനു ചുമതല തിരികെ നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

single-img
2 April 2017

തിരുവനന്തപുരം: ജേക്കബ് തോമസ് അവധിയിൽ പോയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടറുടെ താത്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അവധി കഴിഞ്ഞ് ജേക്കബ് തോമസ് എത്തുമ്പോൾ ചുമതല കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് തലപ്പത്തേക്കു ജേക്കബ് തോമസ് തിരികെ എത്തില്ലെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിലാണെന്നും ബെഹ്റയ്ക്കു താത്കാലിക ചുമതല മാത്രമാണു നൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. മറ്റാരെയും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു നിയോഗിച്ചിട്ടില്ല. അദ്ദേഹത്തെ മാറ്റിയെന്ന വാർത്തകൾ ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത് നിയമപരമായും ധാർമികമായും തെറ്റായ നടപടിയാണെന്നും ക്രമസമാധാന ചുമതലയുളള ഡിജിപിയെ വിജിലൻസ് ഡയറക്ടറാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.