തിരുവനന്തപുരം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: 400 ജവാന്‍മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

single-img
2 April 2017

ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഭക്ഷ്യ വിഷബാധയേറ്റ ജവാന്മാരെ ആശുപത്രിയിൽ സന്ദർശിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 400 ജവാന്‍മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിഷബാധയേറ്റ ജവാന്മാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാത്രി-ഭക്ഷണത്തിലെ മീന്‍ കറിയില്‍ നിന്നാണ് വിഷ ബാധയുണ്ടായതെന്ന് സംശയിക്കുന്നു. ശനിയാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം. ഛര്‍ദി, തലവേദന, ശാരീരിക അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുകയായിരുന്നു. പലരും ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. തുടര്‍ന്ന് ക്യാമ്പിലെ ബസുകളിലും ട്രക്കുകളിലും ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു.

119 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിയില്‍ എഴുപതോളം പേരും കഴക്കൂട്ടം എ.ജെ. ആശുപത്രിയില്‍ അമ്പതോളംപേരും ക്യാമ്പിന്റെ ആശുപത്രിയില്‍ പതിനഞ്ചോളം പേരും ചികിത്സ തേടിയിട്ടുണ്ട്. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും ജവാന്മാരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേ സമയം സംഭവത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ സി.ആര്‍.പി.എഫ് ജവാന്മാര്‍ ഗേറ്റില്‍ തടഞ്ഞിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതിനെ തുടര്‍ന്നാണ് പിന്നീടു ഉദ്യോഗസ്ഥരെ അകത്തു കടക്കാന്‍ അനുവദിച്ചത്. തുടര്‍ന്ന് മംഗലപുരം പൊലീസ് എത്തി ജീപ്പില്‍ ഉദ്യോഗസ്ഥരെ അകത്തെത്തിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ എ.എസ്.പി, പോത്തന്‍കോട് സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ മംഗലപുരം പൊലീസ് ക്യാമ്പിനുള്ളിലും പരിസരത്തുമുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ പതിനഞ്ചോളം ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മംഗലപുരം പൊലീസ് അറിയിച്ചു.