പൊതുമാപ്പ്; ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി രണ്ടായിരത്തലധികം പേര്‍

single-img
1 April 2017

റിയാദ്‌: സൗദിയില്‍ പൊതുമാപ്പിന്റെ രണ്ടാം ദിനം പിന്നിടുമ്പോള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും രണ്ടു ദിവസത്തിനകം സ്വദേശത്തേക്ക് മടങ്ങാനായി എത്തിയത് രണ്ടായിരത്തിലധികം പേര്‍. ഇന്നലെ മുതല്‍ കൂടുതല്‍ പേര്‍ക്ക് നാട്ടിലേക്ക് പോകാന്‍ എക്‌സിറ്റ് ലഭിച്ചു. ബുധനാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങാനായത്. വീണ്ടും ശരിയായ വിസയില്‍ സൗദിയിലേക്ക് തിരിച്ചു വരാന്‍ അവസരമുണ്ട് എന്ന സന്തോഷത്തിലാണ് ഇത്തവണത്തെ പൊതുമാപ്പിന് ഒളിപ്രവാസികള്‍ സ്വദേശത്തേക്ക് മടങ്ങുന്നത്.

സൗദിയിലെ ഏറ്റവും വലിയ തര്‍ഹീലായ മക്ക ഷുമൈസി ക്യാമ്പില്‍ ജിദ്ദ കോണ്‍സുലേറ്റ് മുഖാന്തരം എത്തിയ ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായി. ഇനി തടസ്സങ്ങളൊന്നുമില്ലാതെ ഇത്തരക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. നേരത്തെ അറിയിച്ചതുപോലെ ഹജ്ജ്, ഉംറ വിസിറ്റിങ് വിസക്കാര്‍ക്ക് വിമാനടിക്കറ്റുമായി നേരിട്ട് എയര്‍പോര്‍ട്ടിലെത്തി നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കുന്നുണ്ട്.

ആദ്യ ദിനത്തില്‍ ആയിരത്തിലേറെ പേരാണ് റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ കോണ്‍സുലേറ്റിലും എത്തിയത്. രണ്ടാം ദിനത്തിലും അത്ര തന്നെ എത്തി. എംബസിയിലാണ് കൂടുതല്‍ പേരെത്തിയത്. ഇത് കൂടാതെ ദമാം, ബുറൈദ, അബഹ, യാമ്പു എന്നിവിടങ്ങളില്‍ നിരവധിപേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിട്ടുണ്ട്.