എസ്ബിടി ലയനത്തിനു ശേഷം ഇടപാടുകാരെ കൊള്ളയടിക്കാനൊരുങ്ങി സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ; വര്‍ധിപ്പിച്ച സേവന നിരക്ക് ഇന്ന് മുതല്‍, മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയും

single-img
1 April 2017

ന്യൂഡല്‍ഹി: ഏഴ് പതിറ്റാണ്ടിനൊടുവില്‍ ഇന്ന് മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓര്‍മയാകും. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളാണ് എപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നത്.

എന്നാല്‍ ലയനശേഷം ഇടപാടുകാരെ കൊള്ളയടിക്കാനൊരുങ്ങിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളെ ലയിപ്പിച്ച ശേഷം എസ്ബിഐ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്ന് മുതലാണ് നിലവില്‍ വരിക. എസ്ബിടിയുടെ ഇടപാടുകാരെ മുഴുവന്‍ വിവരവും ഈ മാസം 24ഓടെ എസ്ബിഐയിലേക്ക് മാറ്റും.

പ്രധാന മാറ്റങ്ങള്‍

ഇനി മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ നല്‍കണം. മെട്രോ നഗരങ്ങളില്‍ 5,000 രൂപ അക്കൗണ്ടില്‍ ശേഷിപ്പിക്കണം. നഗരങ്ങളില്‍ 3,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയും മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം. എസ്ബിഐ നിഷ്‌കര്‍ഷിക്കുന്ന അത്ര തുക അക്കൗണ്ടില്‍ ശേഷിക്കുന്നില്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ.

അഞ്ച് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ എടിഎം ഇടപാടിനും പ്രത്യേക തുക നല്‍കണം. 10 രൂപ വീതമാകും ഈടാക്കുക. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ പരിധി കഴിഞ്ഞാല്‍ 50 രൂപയാണ് നല്‍കേണ്ടത്.

ബാങ്ക് ബ്രാഞ്ചില്‍ മാസത്തില്‍ മൂന്ന് സൗജന്യ പണമിടപാടാണ് നല്‍കുക. കൂടുതലുളള ഓരോ ഇടപാടിനും 50 രൂപയും ടാക്‌സും പിഴയും നല്‍കണം.
ചെക്ക് ബുക്ക്, ചെക്ക് കലക്ഷന്‍, ബില്‍ കലക്ഷന്‍, സ്റ്റോപ് പെയ്‌മെന്റ്‌സ്, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, എന്നിവക്കും പണം ഈടാക്കും.ഇടപാടുകാരില്‍ നിന്ന് പ്രത്യേക നികുതിയും എസ്ബിഐ ഈടാക്കും.

എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയാകുന്നതോടെ കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖല ബാങ്കാണ് ഇല്ലാതായത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്ബിടിയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ എന്നീ ബാങ്കുകളും എസ്ബിഐയില്‍ ലയിച്ചു.