മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

single-img
1 April 2017

ദല്‍ഹി: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കണമെന്ന ശിവസേനയുടെ നിര്‍ദേശത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ സി.കെ ജാഫര്‍ ഷറീഫാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചത്.

‘മോഹന്‍ഭഗവതിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നതില്‍ ആര്‍ക്കും തെറ്റുകാണാനാവില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.’ എന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.

ഭഗവത് പ്രസിഡന്റിന്റെ കസേരയിലിരുന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഭയന്ന് ജീവിക്കേണ്ടിവരുമെന്ന വാദത്തെ അദ്ദേഹം കത്തില്‍ എതിര്‍ക്കുന്നുണ്ട്. ‘ഒരു മുസ്ലീം എന്ന നിലയില്‍, രാജ്യത്തെ ന്യൂനപക്ഷ സമുദായത്തില്‍ ജീവിക്കുന്നയാളെന്ന നിലയില്‍ മോഹന്‍ ഭഗവതിന്റെ പേര് പരിഗണിക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയോട് മോഹന്‍ഭഗവതിനുള്ള പ്രതിജ്ഞാബദ്ധതയെയും അദ്ദേഹം കത്തില്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്. ‘അദ്ദേഹത്തിന്റെ ദേശഭക്തിയെയും ഇന്ത്യന്‍ ജനതയോടുള്ള അര്‍പ്പണത്തെയും ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള പ്രതിജ്ഞാബദ്ധതയെയും കുറിച്ച് ഒട്ടും സന്ദേഹപ്പെടേണ്ടതില്ല. ‘ എന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെടുന്നു.