ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ സദാചാര ഗുണ്ടായിസം വീണ്ടും

single-img
1 April 2017

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡിന്റെ സദാചാര ഗുണ്ടായിസം വീണ്ടും. ബന്ധുക്കളായ യുവതീ യുവാക്കളില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിച്ചതിനു പഴി കേട്ട ആന്റി റോമിയോ സ്‌ക്വാഡിനെ ഇത്തവണ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുന്നത് പാര്‍ക്കിലിരുന്ന യുവാവിന്റെ തല മൊട്ടയടിച്ച സംഭവമാണ്. ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധം ശക്തമായതോടെ മൂന്ന് പോലീസുകാരെ സസ്‌പെന്റു ചെയ്ത് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

അതേസമയം മൂന്ന് പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ബാര്‍ബറെ എത്തിച്ച് സ്‌ക്വാഡ് യുവാവിന്റെ തല മൊട്ടയടിച്ചത്. തെറ്റുചെയ്തിട്ടില്ലെന്ന് യുവാവ് വിളിച്ചു പറഞ്ഞെങ്കിലും മിണ്ടാതിരിക്കാന്‍ പോലീസുകാര്‍ ആജ്ഞാപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ എടുത്ത് ആരോ പോസ്റ്റ് ചെയ്തത് നവമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളാണ് ആന്റി റോമിയോ സ്‌ക്വാഡില്‍ നിന്നും ഓരോ ദിവസം കഴിയുമ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, പോലീസ് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പൂവാലന്‍മാര്‍ എന്ന പേരില്‍ പിടികൂടുന്നവരെ മൊട്ടയടിക്കാനോ മുഖത്ത് കരി തേക്കാനോ ഏത്തമിടിക്കാനോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് ദമ്പതികളും കമിതാക്കളും ഉള്‍പ്പെടെ അതിക്രമം നേരിട്ടത് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി.