പുതിയ ഗതാഗത മന്ത്രിയായി എന്‍.സി.പിയുടെ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
1 April 2017

തിരുവനന്തപുരം: പുതിയ ഗതാഗത മന്ത്രിയായി എന്‍.സി.പിയുടെ തോമസ് ചാണ്ടി ഇന്ന് സ്ഥാനമേല്‍ക്കും. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകുക.

ഇത് സംബന്ധിച്ച എന്‍.സി.പി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിന് മുഖ്യമന്ത്രിയും എല്‍.ഡി.എഫും വെള്ളിയാഴ്ച അംഗീകാരം നല്‍കി. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോട്ടാര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാവും ചാണ്ടിക്ക്. ശശീന്ദ്രന്‍ താമസിച്ച കാവേരി തന്നെയാവും ഔദ്യോഗിക വസതി.

തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് ലഭിക്കുകയും അദ്ദേഹത്തിന് താല്‍പര്യവുമുണ്ടങ്കില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു കൊടുക്കുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.

പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിക്കാന്‍ താല്‍പര്യമില്ലെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അടിയന്തര എല്‍.ഡി.എഫ് യോഗം ചേരുകയായിരുന്നു. രാവിലെ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ക്ലിഫ് ഹൗസിലെത്തി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യെപ്പട്ടുള്ള എന്‍.സി.പിയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തുടര്‍ന്ന് എ.കെ.ജി സെന്ററിലെത്തി കണ്‍വീനര്‍ വൈക്കം വിശ്വനും കത്ത് നല്‍കി. തോമസ് ചാണ്ടിയും എല്‍.ഡി.എഫ് യോഗത്തില്‍ സംബന്ധിച്ചിരുന്നു.

യോഗം ഐക്യകണ്ഠ്യേന തോമസ് ചാണ്ടിയുടെ പേര് അംഗീകരിച്ചു. രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെയും സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന എന്‍.സി.പി സംസ്ഥാന നേതൃയോഗമാണ് തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തേക്ക് നിര്‍േദശിക്കാന്‍ തീരുമാനിച്ചത്.