ലോകത്ത് എവിടെയാണെങ്കിലും ദേശീയ പ്രതീകങ്ങളെ ബഹുമാനിച്ചേ പറ്റൂ: ചൈനീസ് മൊബൈല്‍ കമ്പനി ഒപ്പോ ഇന്ത്യന്‍ ദേശീയപതാകയെ അപമാനിച്ച സംഭവത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം

single-img
31 March 2017

ന്യൂഡല്‍ഹി: ലോകത്ത് എവിടെയാണെങ്കിലും ദേശീയ പ്രതീകങ്ങളെ ബഹുമാനിച്ചേ പറ്റൂ എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലേ. ചൈനീസ് മൊബൈല്‍ കമ്പനി ഒപ്പോ ഇന്ത്യന്‍ ദേശീയപതാകയെ അപമാനിച്ച സംഭവത്തിലാണ് കേന്ദ്ര വക്താവിന്റെ പ്രതികരണം.
വിഷയത്തില്‍ ബന്ധപ്പെട്ട കമ്പനി നടപടിയെടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കുമെന്നും ബാഗ്‌ലേ പറഞ്ഞു.

അതേസമയം ചൈനീസ് അധികൃതര്‍ ഉള്‍പ്പെട്ട വിവാദ വിഷയം ഉചിതമായ രീതിയില്‍ ഇന്ത്യന്‍ അധികൃതര്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യാഴാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ചൈന പറഞ്ഞിരുന്നു. ഇന്ത്യയിലെ ചൈനീസ് ജീവനക്കാരുടേയും ഒപ്പോയുടേയും അവകാശങ്ങള്‍ ഇന്ത്യ സംരക്ഷിക്കുമെന്ന പ്രതീക്ഷയും തങ്ങള്‍ക്കുണ്ട്. പ്രാദേശിക പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കും. പ്രാദേശിക നിയമങ്ങളേയും സമ്പ്രദായങ്ങളേയും അനുസരിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് കമ്പനികളോട് ചൈനീസ് കമ്പനികള്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒപ്പോ പ്ലാന്റിന്റെ ചുമരില്‍ പതിച്ചിരുന്ന ദേശീയ പതാക കമ്പനി അധികൃതര്‍ കീറി ചവറ്റുകുട്ടയില്‍ എറിഞ്ഞതാണ് വിവാദമായത്. ഇതില്‍ പ്ലാന്റിലെ ഇന്ത്യന്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ജീവനക്കാരുടെ പരാതിയില്‍ ചൈനീസ് പൗരനായ ഒപ്പോ പ്രൊഡക്ഷന്‍ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേശീയ പതാകയെ അപമാനിച്ചതിനാണ് കേസ്. സംഭവം വിവാദമായതോടെ പ്രൊഡക്ഷന്‍ മാനേജറെ ഒപ്പോ പുറത്താക്കിയിരുന്നു.