സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ന് കൂടി മാത്രം.

single-img
31 March 2017

 


തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന കേരളത്തിന്റെ സ്വന്തം ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ന് കൂടി മാത്രം. ശനിയാഴ്ച മുതല്‍ തെങ്ങിന്‍ തണലില്ലാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ്് ഇന്ത്യയുമായായിരിക്കും എസ്.ബി.ടിയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുക.

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പേര് മാറി എസ്ബിഐയുടെ കീഴിലായിരിക്കും പ്രവര്‍ത്തനം. എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എസ്ബിടി ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കേരളത്തിന്റെ സ്വന്തം ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

എസ്.ബി.ഐ.യില്‍ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ശാഖകളിലെ ജീവനക്കാര്‍ക്കും മാറ്റമില്ല. അക്കൗണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോള്‍ മാറുന്നില്ല. ചെക്ക് ബുക്കും ഇന്റര്‍നെറ്റ് സൗകര്യവും തുടര്‍ന്നും ഉപയോഗിക്കാം. ജൂണ്‍വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇപ്പോള്‍ എസ്.ബി.ടി.ക്ക് കേരളത്തില്‍ 888 ശാഖകളുണ്ട്; എസ്.ബി.ഐ.ക്ക് 483ഉം. എസ്.ബി.ടി.യോടൊപ്പം എസ്.ബി.ഐ.യില്‍ മറ്റ് നാലു ബാങ്കുകള്‍ക്ക് കേരളത്തില്‍ വളരെക്കുറച്ച് ശാഖകളേയുള്ളൂ. ഏതാണ്ട് 1400ഓളം ശാഖകളുള്ള വിപുലമായ ശൃംഖലയായിരിക്കും കേരളത്തില്‍ ഇനി എസ്.ബി.ഐ.ക്കുണ്ടാവുക.
ഇന്റര്‍നെറ്റ് ബാങ്കിങ്ങില്‍ മാത്രമാണ് ഉടന്‍ മാറ്റംവരുന്നത്. ലയനത്തിനുശേഷം എസ്.ബി.ടി അക്കൗണ്ടുള്ളവരും ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി
www.onlinesbi.com എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിലവിലുള്ള ബാങ്ക് തന്നെ
തിരഞ്ഞെടുക്കണമെന്നും എസ്.ബി.ഐ. എസ്.എം.എസിലൂടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

എസ്ബിടിയുടെ 1200 ശാഖകളിലായി പതിനാലായിരത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലയനത്തിന്റെ ഭാഗമായി എത്ര ശാഖകള്‍ ഇല്ലാതാകുമെന്ന് ഇനിയും തീര്‍ച്ചയില്ല. അധിക ജീവനക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ വിആര്‍എസ് ഉള്‍പ്പെയെയുള്ള പദ്ധതികള്‍ ബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഭാഗമായി എസ്ബിടി മാറുന്നതോടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഒരു ബാങ്ക് ഇല്ലാതാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
എസ്.ബി.ടി.യുടെ അവസാനത്തെ ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച മൂന്നിന് പൂജപ്പുരയിലെ ആസ്ഥാനത്ത് നടക്കും. പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ തോമസ് ലൂര്‍ദ് രാജ് എസ്.ബി.ടി. മാനേജിങ് ഡറക്ടര്‍ സി.ആര്‍. ശശികുമാറിന് നല്‍കി കവര്‍ പ്രകാശനം ചെയ്യും.