ടാറ്റ ഭൂമി കൈയേറിയെന്നു പറഞ്ഞ് സമരം നടത്തിയ വി.എസിനു ഇപ്പോൾ മിണ്ടാട്ടമില്ല;പാർട്ടി വിലക്കുള്ളതിനാൽ കൂടുതൽ പറയാനില്ല; വിഎസിനെതിരേ വീണ്ടും എം.എം. മണി

single-img
30 March 2017


കൊച്ചി: മൂന്നാർ കൈയേറ്റ വിഷയത്തിൽ വി.എസ്. അച്യുതാനന്ദനെതിരേ വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്ത്. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവർക്കുമറിയാം. ടാറ്റ ഭൂമി കൈയേറിയെന്നു പറഞ്ഞ് സമരം നടത്തിയ വി.എസ് ഇപ്പോൾ മിണ്ടാതിരിക്കുകയാണ്.

 

തനിക്കെതിരെ വിഎസിന് പ്രത്യേക അജണ്ടയുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിഎസിനേക്കാള്‍ മര്യാദ ഉമ്മന്‍ചാണ്ടി കാണിച്ചിട്ടുണ്ട്. മൂന്നാറിലെ കൈയ്യേറ്റക്കാരെന്നുപറയുന്ന രാജേന്ദ്രന്‍ എംഎല്‍എ വര്‍ഷങ്ങളായി ഇവിടെ ജനിച്ചുവളര്‍ന്നയാളാണെന്നും താന്‍ കൈയ്യേറ്റക്കാരനാണെങ്കില്‍ വിഎസ് വന്ന് ഒഴിപ്പിച്ചോട്ടെയെന്നും മണി പറഞ്ഞു. പാർട്ടി വിലക്കുള്ളതിനാൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വിഎസ് മണിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് മറുപടി. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നായിരുന്നു വിഎസിന്റെ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ ദിവസവും വി.എസിന് മറുപടിയുമായി എം.എം മണി രംഗത്തെത്തിയിരുന്നു. മൂന്നാറിൽ വീണ്ടും സന്ദർശനം നടത്തേണ്ടി വരുമെന്ന പ്രസ്താവനവയ്ക്കെതിരെ ആയിരുന്നു എം.എം മണിയുടെ പരിഹാസം. മൂന്നാറിൽ പൂച്ചയും പട്ടിയും എന്നു പറഞ്ഞ് വന്നവരെ ഓടിച്ച ചരിത്രമാണ് പാർർട്ടിക്കുള്ളതെന്നും വി.എസ് മുന്നാറിൽ വരുന്നത് ഗൗരവത്തോടെ കാണുന്നില്ലെന്നും എം.എം മണി നേരത്തെ വ്യക്തമാക്കിയിരുന്നു.