എതിര്‍ത്ത ആധാറിനെ പുകഴ്ത്തി മോദി സർക്കാർ; ആധാര്‍ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതി

single-img
30 March 2017


ന്യൂഡല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നു ആധാര്‍ എന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നത്. സബ്‌സിഡികള്‍ നേരിട്ട് നല്‍കുന്നത്, നികുതി വെട്ടിപ്പ് പരിശേധിക്കുന്നതിന് തുടങ്ങിയ കാര്യങ്ങള്‍ക്കായി ആധാറിനെ മാറ്റിയത് പരാമര്‍ശിച്ചായിരുന്നു ജെയ്റ്റ്‌ലി രാജ്യസഭയില്‍ സംസാരിച്ചത്.

നമ്മില്‍ ചിലര്‍ക്കു ചില ഘട്ടങ്ങളില്‍ ആധാര്‍ സംബന്ധിച്ചു സംശയങ്ങളുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ആധാര്‍ യോഗത്തില്‍ ഞാനുമുണ്ടായിരുന്നു. എന്റെ സംശയങ്ങള്‍ക്കു യോഗത്തില്‍ ഉചിതമായ മറുപടി ലഭിച്ചു. ഞങ്ങള്‍ക്കു തുറന്നുപറയാന്‍ മടിയില്ല, ഇതൊരു മഹത്തായ പദ്ധതിയാണെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ ഈ പദ്ധതിയെ വികസിപ്പിക്കുകയാണ്. ഞങ്ങള്‍ ഇത് അംഗീകരിച്ചതാണ്, അതിലൊരു സംശയവും ഇല്ല’ മന്ത്രി പറഞ്ഞു.

ആധാറിനെ എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിന്, എന്തുകൊണ്ടാണ് ജനത്തിന്റെ ഉപകാരത്തിനായി കൊണ്ടുവന്ന സംവിധാനത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരുന്നതെന്ന ചോദ്യവുമായാണ് ജെയ്റ്റ്‌ലി നേരിട്ടത്. അതേസമയം ഹാക്കിങ്ങിന്റെ പേരില്‍ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.