മികച്ച സിനിമ :’ടേക്ക് ഓഫി’ ന് അഭിനന്ദനമറിയിച്ച് മോഹന്‍ ലാലും മമ്മൂട്ടിയും മഞ്ജു വാര്യരും

single-img
30 March 2017
റിലീസിങ്  ദിവസം മുതല്‍ തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച് വിജയപ്രദര്‍ശനം തുടരുന്ന മഹേഷ് നാരായണ്‍ ചിത്രം ‘ടേക്ക് ഓഫി’ന് അഭിനന്ദങ്ങളുമായി മലയാളത്തിന്റെ നടന വിസ്മയങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യരും.
ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് മോഹന്‍ലാലിനെ സംവിധായകനും നിര്‍മ്മാതാക്കളും കണ്ടത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് കേള്‍ക്കുന്നതെന്നും എന്നാല്‍ ഇതുവരെ ചിത്രം കാണാന്‍ സാധിച്ചില്ലെന്നും പറഞ്ഞ മോഹന്‍ലാല്‍ രണ്ടു ദിവസത്തിനകം ചിത്രം തീര്‍ച്ചയായും കാണുമെന്നും  പറഞ്ഞു.
മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച സിനിമയാണ് ടേക്ക് ഓഫ്. ചിത്രത്തിന്റെ മേക്കിങ് ഏറെ ആകര്‍ഷിപ്പിച്ചുവെന്നും ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് മികച്ച രീതിയിലാണെന്നും പറഞ്ഞ മമ്മൂട്ടി നടി പാര്‍വ്വതിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ടേക്ക് ഓഫിന്റെ ട്രെയിലര്‍ ക്രോസ് പോസ്റ്റിങ് സംവിധാനത്തിലൂടെ പുറത്തിറക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇരുവരേയും നേരില്‍ കാണാന്‍ എത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ  അഭിനന്ദനമറിയിച്ച മഞ്ജു വാര്യര്‍ ‘ടേക്ക് ഓഫി’ നെ ഉജ്ജ്വലമെന്നാണ് വിശേഷിപ്പിച്ചത്. ഈ സിനിമ മലയാളത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നും മഞ്ജു പറഞ്ഞു.