മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമോ? പ്രശ്‌നം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

single-img
30 March 2017

ന്യൂഡല്‍ഹി:മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോ എന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.മെയ് 11 മുതല്‍ ബെഞ്ച് വാദം കേള്‍ക്കും.

വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ? മുത്തലാഖും ബഹുഭാര്യത്വവും മറ്റും 25-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോ? മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുള്ള വകുപ്പുകള്‍ക്കും വിധേയമാണോ? മുത്തലാഖും ബഹുഭാര്യത്വവും മറ്റും ഇന്ത്യയുടെ രാജ്യാന്തര ധാരണകളുമായി ഒത്തുപോകുന്നതാണോ എന്നിങ്ങനെ നാലു ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ അസാധുവെന്നു വ്യക്തമാക്കുന്നതാണ് 13-ാം വകുപ്പ്. വ്യക്തിനിയമങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരുമോയെന്ന തര്‍ക്കവിഷയമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നിലപാടുകള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കോടതി സ്വമേധയാ എടുത്ത പൊതുതാല്‍പര്യ ഹര്‍ജിയും വിവിധ സംഘടനകളുടെയും ഏതാനും മുസ്ലിം സ്ത്രീകളുടെയും ഹര്‍ജികളുമാണ് പരിഗണനയിലുള്ളത്.