സ്വര്‍ണം വിറ്റ് പെട്ടെന്ന് പണം കണ്ടെത്താമെന്ന് കരുതേണ്ട;ഇനി സ്വര്‍ണം വിറ്റാല്‍ പണമായി 10,000 രൂപ മാത്രം

single-img
29 March 2017


മുംബൈ:പെട്ടെന്നുള്ള പണമാവശ്യത്തിന് ഇനി മുതല്‍ സ്വര്‍ണം വിറ്റ് സമാഹരിക്കാമെന്ന് കരുതേണ്ട.സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ച് ഫിനാന്‍സ് ബില്ല് ഭേദഗതി ചെയ്തു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം ബാധകമാകും.വിറ്റ സ്വര്‍ണത്തിന്റെ 10,000 രൂപ കഴിച്ചുള്ള തുക ചെക്കായോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ കൈമാറാം.

ഇതിനെ മറികടക്കാന്‍ ജ്വല്ലറികളോ, സ്വര്‍ണ വ്യാപാരികളോ രണ്ടോ മൂന്നോ തവണയായി വാങ്ങിയതായി കാണിച്ചാല്‍ നികുതി വകുപ്പ് പിടികൂടുമെന്ന് മുന്നറിയിപ്പുമുണ്ട്. ഒരേ കുടുംബത്തിലെ പലര്‍വഴി വില്പന നടത്തിയാലൂം നികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങും.

ഗ്രാമീണരെയാണ് പുതിയ നിയമം ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. അത്യാവശ്യങ്ങള്‍ക്ക് പണമാക്കിമാറ്റാന്‍ സ്വര്‍ണം വില്‍ക്കുന്നവരാണേറെയും.
ബാങ്കിങ് ഇടപാടുകള്‍ സാധാരണമല്ലാത്ത ഗ്രാമീണരുടെ ഇടയില്‍ സ്വര്‍ണം വിറ്റ് പണംവാങ്ങി അത്യാവശ്യകാര്യങ്ങള്‍ നടത്തുക ബുദ്ധിമുട്ടേറിയതാകും.