എയര്‍ ഇന്ത്യ മാനേജരെ അടിച്ചത് മോദിയെ അധിക്ഷേപിച്ചതിനാലെന്ന് രവീന്ദ്ര ഗെയ്ക്

single-img
29 March 2017

മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിനാലാണെന്ന് ശിവസേന എംപി രവീന്ദ്ര ഗെയ്ക് വാദ്. ജീവനക്കാരനെ ചെരിപ്പൂരി തല്ലിയതില്‍ ക്ഷമാപണം നടത്താത്തതില്‍ എയര്‍ ഇന്ത്യ ടിക്കറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് പുതിയ പ്രസ്ഥാവനയുമായി എം.പി രംഗത്തെത്തിയത്. എംപിയുടേതായി പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലാണ് പുതിയ വിശദീകരണം.
എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയതിന് ശേഷം മൂന്നാം തവണയും ശിവസേന എംപിയ്ക്ക് എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റ് നിഷേധിച്ചു്. എയര്‍ ഇന്ത്യയും ആറ് സ്വകാര്യ എയര്‍ലൈന്‍ കമ്പനികളുമാണ് എംപിയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കാണ് എയര്‍ ഇന്ത്യ അനുമതി നിഷേധിച്ചത്. നേരത്തെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗെയ്ക് വാദ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വെള്ളിയാഴ്ച തീവണ്ടിയിലാണ് മടങ്ങിയത്.
എയര്‍ലൈനുകളുടെ യാത്രാ വിലക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഗെയ്ക്ക് വാദ് ഭീഷണി മുഴക്കിയിരുന്നു.

ഈ മാസം 23നാണ് ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതിന് ഗെയ്ക്വാദ് എയര്‍ഇന്ത്യ ഡെപ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ചത്. തുടര്‍ന്ന് എംപിക്കെതിരെ വധശ്രമിക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം ഗെയ്ക് വാദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശിവസേന എംപിമാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. വിലക്ക് നീക്കണമെന്നും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പട്ട് അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാല്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു മറുപടി നല്‍കി.