വാണിജ്യതാൽപ്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നു കോടതി;ഏപ്രിൽ ഒന്നുമുതൽ ബിഎസ്–3 വാഹനങ്ങൾ വിൽക്കുന്നതിനു നിരോധനം.

single-img
29 March 2017


ന്യൂഡല്‍ഹി: ഭാരത് സ്‌റ്റേജ്-3 (ബി.എസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാനാകില്ല. ബി.എസ്-3 വില്‍ക്കാനുള്ള സമയപരിധി നീട്ടീനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന (സിയാം) നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയാണ് വിധിപ്രസ്താവം നടത്തിയത്.വാഹന നിർമാതാക്കളും ഡീലർമാരുമാണ് കോടതിയെ സമീപിച്ചത്. വാണിജ്യതാൽപ്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നു കോടതി നിരീക്ഷിച്ചു.
എട്ടു ലക്ഷത്തോളം വാഹനങ്ങള്‍ സ്റ്റോക്കുണ്ടെന്നും ഇതു വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. സ്റ്റോക്കുള്ള വാഹനങ്ങൾ വിറ്റഴിക്കാൻ ഒരു വർഷമെങ്കിലും സമയം വേണ്ടിവരുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.2010 മുതല്‍ 41 കമ്പനികളുടേതായി 13 കോടി ബി.എസ്.-3 വാഹനങ്ങളാണ് നിര്‍മിച്ചത്.ഇതില്‍ 8.24 ലക്ഷം വാഹനങ്ങള്‍ ഇപ്പോള്‍ ബാക്കിയാണ്. ഇതില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്.
ബി.എസ്.-4നെക്കാള്‍ 80 ശതമാനം കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ബി.എസ്.-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.