എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഉപവാസം

single-img
29 March 2017


തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉപവാസം നടത്തും.രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഉപവാസം.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുജിത് കുമാര്‍ എന്ന അധ്യാപകനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ അധ്യാപകന്‍ മാത്രമല്ല, മറ്റ് ചില അധ്യാപകരും ഇതില്‍ കാരണക്കാരാണ്. അതിനാല്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ തീരുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.
മുന്‍കാലങ്ങളില്‍ എസ്ഇആര്‍ടിയില്‍ നിന്നുമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം സിപിഐഎം അനുകൂല സംഘടനയായ കെഎസ്ടിഎയില്‍ നിന്നുമുള്ള അധ്യാപകരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കെഎസ്ടിഎക്കാരാണ് വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.