കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടാ ആക്രമണം;നിർമ്മാതാവിനു അക്രമത്തിൽ പരിക്ക്

single-img
29 March 2017

കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. നിര്‍മ്മാതാവ് മഹാ സുബൈര്‍, പ്രോഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ എന്നിവര്‍ക്കാണ് പരിക്ക്.

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ എന്ന ഹോട്ടലില്‍ വെച്ചാണ് ഗുണ്ടാ ആക്രമണം നടന്നത്.ഹോട്ടലിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ ഹോട്ടലിലേക്ക് വരികയായിരുന്ന മഹാസുബൈറിനെ കമ്പി കൊണ്ട് അടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റതെന്നാണ് വിവരം, പരിക്ക് സാരമുള്ളതല്ലെന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തേതുടര്‍ന്ന് നടന്‍ ജയറാം അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി.

പത്തോളംപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ആക്രമണം നടത്തിയ സംഘത്തിലെ ഒരാളായ തമ്മനം സ്വദേശി അനീഷ് എന്നയാളെയാണ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ മാസം കൊച്ചിയില്‍ നടിക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
ഇതിന് പിന്നാലെ വീണ്ടും സിനിമാ നിര്‍മ്മാതാവിനു നേരെ ഗുണ്ടാ ആക്രമണം നടന്നത് കൊച്ചിയിലെ ഗുണ്ടാ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.