ആര്‍ത്തവദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി ;മാതൃകയായി ഇറ്റാലിയന്‍ പാര്‍ലമെന്റ്

single-img
29 March 2017

ഇറ്റലി: തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് അവധി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ പാര്‍ലമെന്റ്. യുറോപ്പില്‍ തന്നെ ആദ്യമായി, സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഇത്തരത്തിലൊരു അവധി നല്‍കാന്‍ നേരിട്ടിടപെട്ട സര്‍ക്കാര്‍ നടപടി വളരെ മാതൃകാപരമാണ്. മാസത്തില്‍ മൂന്ന് ദിവസമാണ് അവധി ലഭിക്കുക.

പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗങ്ങള്‍ അംഗീകരിച്ചു. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കികഴിഞ്ഞു.

ഇത്തരം നിയമങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിഫലം നല്‍കാന്‍ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുമെന്ന വിമര്‍ശനവുമായി ഒരു പക്ഷം സ്ത്രീ സംരക്ഷണ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. ഇത് സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ആര്‍ത്തവത്തെ അംഗീകരിച്ചതിലൂടെയും സ്ത്രീകള്‍ക്ക് അവധി നല്‍കുന്നതിലൂടെയും വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു. സാമൂഹ്യ പുരോഗതിയുടെ തുടക്കം എന്നാണ് ഇറ്റലിയിലെ പ്രമുഖ വനിതാ മാഗസിനായ മാരി ക്ലയര്‍ ഈ നിയമത്തെ വിവരിച്ചത്.

ഇതിനു മുന്‍പ് ജപ്പാനും ഇന്‍ന്തോനേഷ്യയുമെല്ലാം ആര്‍ത്തവം നിയമപരമായി അംഗീകരിക്കുകയും അവധി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് ഇത്തരത്തിലുള്ളൊരു നടപടി ഇതാദ്യമായാണ്.