രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന്റെ വേദിയില്‍ സീറ്റ് ലഭിക്കാത്തില്‍ പ്രതിക്ഷേധിച്ച് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി.

single-img
29 March 2017

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന്റെ വേദിയില്‍ സീറ്റ് ലഭിക്കാത്തില്‍ പ്രതിക്ഷേധിച്ച് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി.

രാവിലെ പത്തുമണിക്കാണ് ചെന്നിത്തലയുടെ ഉപവാസസമരം ആരംഭിച്ചത്. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. വേദിയിലേക്ക് എത്തിയ മുരളീധരന് ഇരിക്കാന്‍ കസേര ഉണ്ടായിരുന്നില്ല. അല്‍പ്പസമയം കാത്തു നിന്നെങ്കിലും ഇരിപ്പിടം ഒരുക്കാന്‍ സംഘാടകര്‍ ശ്രമിച്ചില്ല. ഇതോടെ അദ്ദേഹം വേദി വിടുകയായിരുന്നു. തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്ന ഘടക കക്ഷി നേതാക്കളില്‍ ഒരാള്‍ സീറ്റ് നല്കാന്‍ തയ്യാറായെങ്കിലും ഘടകകക്ഷികളെ ഇറക്കിയിട്ട് തനിക്ക് സീറ്റ് വേണ്ട എന്ന് പറഞ്ഞ് മുരളിധരന്‍ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തിനു കാത്ത് നില്‍ക്കാതെ പോവുകയായിരുന്നു. അതേസമയം നേതാക്കള്‍ക്കൊപ്പം ഇരിപ്പിടം കൊടുക്കാത്തത് കെ.മുരളീധരനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ മറ്റു പരിപാടി ഉള്ളതിനാലാണ് കെ.മുരളീധരന്‍ പോയതെന്നും അത് കഴിഞ്ഞാലുടന്‍ അദ്ദേഹം സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നുമാണ് സംഘാടകര്‍ പറയുന്നത്.