എം.എല്‍.എ എസ്.രാജേന്ദ്രന്റേത് കയ്യേറ്റം തന്നെ; റിപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷമായിട്ടും നടപടിയില്ല .

single-img
29 March 2017


ദേവികുളം: എം.എല്‍.എ എസ്.രാജേന്ദ്രന്‍ കൈവശം വെച്ചിരിക്കുന്നത് വ്യാജ പട്ടയം ഉപയോഗിച്ചുള്ള ഭൂമിയാണെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട്. കെഎസ്ഇബിയുടെ ഭൂമിയാണ് എംഎല്‍എ കൈവശം വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് 2015-ല്‍ കമ്മീഷണര്‍ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല.
താന്‍ താമസിച്ച് വരുന്ന ഭൂമിക്ക് കരമടയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ കെ.ഡി.എച്ച് വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. ഇതോടെയാണ് കൈയേറ്റ ഭൂമിയുടെ കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്്. തുടര്‍ന്ന് കരമടച്ച് തരാന്‍ കഴിയില്ലെന്ന് കെ.ഡി.എച്ച് വില്ലേജ് ഓഫീസര്‍ രാജന്ദ്രനെ അറിയിച്ചു. ദേവികുളം താലൂക്ക് ഓഫീസുമായും ഇടുക്കി ജില്ലാ കലക്ടറുമായും രാജേന്ദ്രന്‍ ബന്ധപ്പെട്ടുവെങ്കിലും കയ്യേറ്റഭൂമിയാണെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനുശേഷമാണ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ മുന്നില്‍ വിഷയമെത്തുന്നത്.

അതേസമയം 2000ല്‍ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എ.കെ മണി ലാന്‍ഡ് ആസൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലയളവിലാണ് തനിക്ക് പട്ടയം ലഭിച്ചതെന്നായിരുന്നും രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ രാജേന്ദ്രന്‍ പറഞ്ഞ വര്‍ഷത്തില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നാണ്
പുറത്തുവരുന്ന വിവരാവകാശ രേഖകള്‍ പറയുന്നത്. 2000 മുതല്‍ 2003 വരെയുളള വര്‍ഷങ്ങളില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയതായുളള രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ദേവികുളം തഹസില്‍ദാര്‍ ഓഫിസില്‍ നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം മൂന്നാര്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജേന്ദ്രന്‍ കൈവശം വെച്ച് പോന്നത് കെ.എസ്.ഇ.ബി ഭൂമിയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു.