ഉത്തര്‍പ്രദേശിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ അടച്ചുപൂട്ടുന്നു

single-img
29 March 2017
ന്യൂഡല്‍ഹി:അറവുശാലകള്‍ അടച്ചു പൂട്ടുന്ന ഉത്തര്‍പ്രദേശ്  സര്‍ക്കാരിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 4 സംസ്ഥാനങ്ങള്‍ കൂടി അറവുശാലകള്‍ക്ക് സീല്‍ വീഴ്ത്താനുള്ള നടപടിയുമായി മുന്നോട്ട്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മാംസ വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ പോകുന്നത്.ഇതിന്റെ ഭാഗമായി ഹരിദ്വാറില്‍ മൂന്നു അറവുശാലകളും റായ്പൂരില്‍ 11 എണ്ണവും ഇന്‍ഡോറില്‍ ഒരു അനധികൃത അറവുശാലയുമാണ് അടച്ചുപൂട്ടിയത്.
രാജസ്ഥാനിലെ ജയ്പൂരില്‍ 4000 അനധികൃത കടകളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്.എന്നാല്‍ ഇതില്‍ 950 എണ്ണവും നിയമാനുസൃതമാണെന്നാണ് വില്‍പനക്കാര്‍ പറയുന്നത്.മാര്‍ച്ച് 31 ന് മുമ്പാകെ ഇവയെല്ലാം നിരോധിക്കുമെന്നാണ് പറയുന്നത്.എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നു ശേഷം കോര്‍പറേഷന്‍ ഇവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ലെന്നാണ് ആരോപണം.ലൈസന്‍സ് ഫീസ് 10 രൂപയില്‍നിന്നു 1,000 രൂപയാക്കി ഉയര്‍ത്തിയെന്നും ഇതിന്റെ ഗസറ്റഡ് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്ദ്യോഗസ്ഥരുടെ വിശദീകരണം.
ചത്തീസ്ഗഡിലെ റായ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 11 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.മൂന്നു ദിവസം സമയമാണ് അനുവദിച്ചത്. കടയുടമകള്‍ മാലിന്യം നേരിട്ടു റോഡരികില്‍ ഉപേക്ഷിച്ചു പരിസ്ഥിതി മലിനീകരണം നടത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹരിദ്വാറില്‍ 6 കടകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു.മിച്ചമുള്ള 3 കടകളാണ് പൂട്ടിയത്.നിയമം തെറ്റിച്ചതിനാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു അറവുശാല അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. തുറന്നുകിടക്കുന്നതും വൃത്തിഹീനവുമായ രീതിയിലാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്.
രാജ്യത്ത് ഗോമാംസ വില്‍പന പൂര്‍ണ്ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് എസ്പി നേതാവ് അസംഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.ലൈസന്‍സില്ലാത്ത മാംസ വില്‍പനശാലകള്‍ക്കെതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.