ദില്ലിയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും ആക്രമണം; നരഭോജികളെന്ന് ആരോപിച്ചായിരുന്നു ആക്രമണം

single-img
28 March 2017

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയ്ഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും അക്രമം. ഗ്രേറ്റര്‍ നോയ്ഡയിലെ അന്‍സല്‍ പ്ലാസ മാളിലാണ് ഇന്ന് സംഘടിച്ചെത്തിയ അക്രമികാരികള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത്. മാളിലെത്തിയ സംഘം കസേരയും, ഡസ്റ്റ്ബിന്നുമടക്കം കയ്യില്‍കിട്ടിയ സാധനങ്ങളെടുത്ത് വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ വിദ്യാര്‍ഥികളിലൊരാള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്്.
മയക്കുമരുന്ന് ഓവര്‍ഡോസിനെ തുടര്‍ന്ന് മാനിഷ് ഖാരി എന്ന 16കാരന്‍ മരിച്ചതിനു പിന്നാലെ ഈ മരണത്തിനു കാരണം നൈജീരിയന്‍ വിദ്യാര്‍ഥികളാണെന്നും ഇവര്‍ നരഭോജികളാണെന്നും് ആരോപിച്ചായിരുന്നു അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് തുടര്‍ച്ചയാണ് വിദ്യാര്‍ഥികള്‍ വീണ്ടും അക്രമിക്കപ്പെട്ടത്. നൈജീരയന്‍ വിദ്യാര്‍ഥി കൂട്ടായ്മയായ അസോസിയേഷന്‍ ഒഫ് ആഫ്രിക്കന്‍ സ്റ്റുഡന്റ്‌സ് ഇന്‍ ഇന്ത്യയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

അക്രമം നടക്കുമ്പോള്‍ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും തടയാന്‍ പോലു തയ്യാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പോലീസിനെ വിളിക്കാനും അക്രമത്തിനിടെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.