സിപിഐഎം എംഎൽഎയ്ക്കെതിരേ വിഎസ്;രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ല

single-img
28 March 2017


തിരുവനന്തപുരം: എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. മൂന്നാര്‍ വിഷയത്തില്‍ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെതിരെയാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വി.എസ്.അച്യുതാനന്ദന്റെ ആരോപണം. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികമാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നടപടി വേണോ എന്ന് നിങ്ങള്‍ തന്നെ നിഗമനത്തിലെത്തൂ എന്നും വിഎസ് പ്രതികരിച്ചു.
മൂന്നാറില്‍ കയ്യേറ്റം വ്യാപകമായത് യു.ഡി.എഫ് കാലത്തായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന് ചെന്നിത്തല ഇത് കണ്ടില്ലെന്ന് നടിച്ചു. എല്‍.ഡി.എഫ് ഒഴിപ്പിച്ച ഭൂമി യു.ഡി.എഫ് കാലത്ത് വീണ്ടും കയ്യേറുകയായിരുന്നു. അന്ന് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചു. എല്‍.ഡി.എഫ് കാലത്ത് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു. ടാറ്റ കയ്യേറിയ ഭൂമിയും തിരിച്ചുപിടിച്ചെന്നും വി.എസ് പറഞ്ഞു. വി.എസ് സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യം പരാജയമാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു വി.എസ്.
എ.കെ. ശശീന്ദ്രന് എതിരെയുള്ള ആരോപണങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കുമെന്നും പത്രസമ്മേളനത്തില്‍ വിഎസ് അറിയിച്ചു.